കണ്ണൂര്‍ മല്ലിയോട്ട് പാലോട്ട് കാവില്‍ നടന്ന ഉത്സവത്തിനിടെ പെണ്‍കുട്ടികളുടെ സ്റ്റാള്‍ തകര്‍ത്തത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇവരോട് പെണ്‍കുട്ടികള്‍ തര്‍ക്കിക്കുന്ന വിഡിയോ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ വിശദീകരണവുമായി പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്. കസിന്‍സ് ക്രൂ എന്ന അക്കൗണ്ടില്‍ നിന്നുമാണ് വിശദീകരണ വിഡിയോ വന്നിരിക്കുന്നത്.
'വിഷുവിന്‍റെ ഭാഗമായി മല്ലിയോട്ട് പാലോട്ട് കാവിനടുത്ത് ഒരു സ്റ്റാള്‍ ഇട്ടിട്ടുണ്ടായിരുന്നു. എല്ലാ അനുമതികളും വാങ്ങിയിട്ട് തന്നെയാണ് സ്റ്റാള്‍ ഇട്ടത്. സ്വന്തം വീട്ടില്‍ സ്റ്റാള്‍ ഇടുമ്പോള്‍ അമ്പലം കമ്മിറ്റിക്കാരുടെ അനുമതി വേണമെന്ന കാര്യം അറിയില്ലായിരുന്നു. അത് അറിഞ്ഞിരുന്നെങ്കില്‍ അവരുടെ അനുമതി എടുക്കാനും പണം കൊടുക്കാനും തയാറായിരുന്നു. പക്ഷേ അത് അറിയില്ലായിരുന്നു.
രാത്രിയില്‍ അവര്‍ സ്റ്റാളിലേക്ക് വന്ന് പരുഷമായി പെരുമാറി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ സ്റ്റാള്‍ ഇട്ടത്. അതിന്‍റെ പിന്നില്‍ ഒരുപാട് ചിലവുകളും ഉണ്ട്. പക്ഷേ പെട്ടെന്ന് ഒരുത്തന്‍ വന്ന് സ്റ്റാള്‍ തട്ടി താഴെയിട്ടു. അപ്പോള്‍ നമുക്കും ദേഷ്യം വന്നു, നമ്മളും തര്‍ക്കിച്ചു. നമ്മള്‍ ദേഷ്യപ്പെടുന്ന വിഡിയോ അങ്ങ് വൈറലായി. ഞങ്ങള്‍ വിചാരിക്കാത്ത രീതിയിലാണ് അത് വൈറലാവുന്നത്. ഇത്രയും കഷ്ടപ്പെട്ടുണ്ടാക്കിയതാണ് തട്ടിയിട്ടത്. അയാളുടെ അടുത്ത് നിന്നും ഒരു സോറി എങ്കിലും പ്രതീക്ഷിച്ചു. അതുണ്ടായില്ല. ഇത് സ്പ്രെഡ് ആവുന്നതുകൊണ്ടാണ് വിശദീകരിക്കുന്നത്,' പെണ്‍കുട്ടികള്‍ പറഞ്ഞു.
ഈ വിഡിയോയുടെ കമന്‍റില്‍ പെണ്‍കുട്ടികളെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'ഭക്ഷണം തട്ടി താഴെ ഇട്ടവരുടെ ഭാഗത്ത് നിന്നും നിങ്ങൾ ഒരിക്കലും സോറി പ്രതീക്ഷിക്കരുത്', 'കാര്യം പറയാം, പക്ഷേ അങ്ങനെ ചെയ്തത് മര്യാദകേടായി പോയി', 'നഷ്ടപരിഹാരം അവര് എന്തായാലും തരണം', എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. നിയമനടപടി സ്വീകരിക്കണമെന്നും ഒട്ടേറെ കമന്‍റുകളുണ്ട്.