മുണ്ടത്തിക്കോട്ടെ പൊരിവെയിലിൽ തിളങ്ങുന്ന പാടത്തിനു നടുവിലാണ് കരിപുരണ്ട ആ മനുഷ്യരെ ഇന്നലെ രാവിലെ ഞാൻ കണ്ടത്. ഗന്ധകത്തിന്റെയും കരിപ്പൊടിയുടെയും നടുവിൽ പലരുടെയും യഥാർഥ മുഖങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അവരുടെ കറുത്തിരുണ്ട മുഖങ്ങളിൽ വെളുത്ത ചിരിയുണ്ടായിരുന്നു. തിരുവമ്പാടിയുടെ വെടിപ്പുരയില്‍ അവരാകെ സന്തോഷത്തിലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞാല്‍ വടക്കുംനാഥന്‍റെ ആകാശത്ത് തങ്ങള്‍ തീർക്കാൻ പോകുന്ന വർണവിസ്മയത്തിന്റെ ആവേശം ആ തെളിഞ്ഞ ചിരിയിലുണ്ടായിരുന്നു.
ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് നടുക്കുന്ന ആ വിവരം കേട്ടത്. സാമ്പിളായും പിന്നെ ഒറിജിനലായും ആകാശത്ത് വിസ്മയം തീര്‍ക്കേണ്ട അവർ ഒരു തീഗോളത്തിൽ എരിഞ്ഞമർന്നുവെന്ന വാർത്ത. രാവിലെ മുഖങ്ങളില്‍ കരിപുരണ്ടിരുന്നുവെങ്കില്‍ ഉച്ചകഴിഞ്ഞപ്പോൾ അവരുടെ ശരീരം പോലും തിരിച്ചറിയാനാവാതെ ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്നു.
പൊടി, വിയർപ്പ്, അനന്തമായ പരിശ്രമം... അതായിരുന്നു ഞാൻ രാവിലെ ആ അഞ്ചു കമ്പപ്പുരകളിൽ കണ്ടത്. നാലു സ്ത്രീകൾ ഉൾപ്പെടെ നാല്‍പതോളം പേര്‍ അവിടെയുണ്ടായിരുന്നു. ഓലപ്പടക്കം മുതൽ ഗുണ്ടുവരെ ഓരോ തരം പടക്കവും കൈകൾ കൊണ്ട് മെനഞ്ഞെടുത്ത് മാറ്റിവയ്ക്കുമ്പോൾ ആ കണ്ണുകളിൽ പ്രകാശ നക്ഷത്രങ്ങൾ കാണാമായിരുന്നു. ഓരോ പടക്കത്തിന്റെയും സവിശേഷതകൾ മൈക്കിനുമുന്നിൽ വിവരിക്കുമ്പോൾ ആ കണ്ണുകൾ കൂടുതൽ തിളങ്ങി. കാണാൻ പോകുന്ന പൂരമായിരുന്നു അവർ വിവരിച്ചത്. വെടിക്കെട്ടിന് ഇതൊക്കെ നിങ്ങൾ കണ്ടോളൂ എന്ന മട്ടിൽ അവർ അഭിമാനം കൊള്ളുന്നുണ്ടായിരുന്നു.
ഒരാൾ പറഞ്ഞു,' നിങ്ങൾ അന്ന് കാണാൻ പോകുന്നത് ആകാശത്തിലെ നക്ഷത്രങ്ങളാണ്,' , അതിന് കൂട്ടായി ജനത്തിന്റെ ആർപ്പുവിളിയുണ്ടാകുമെന്ന് ആരോ അപ്പുറത്തുനിന്നു പറഞ്ഞു. 'ആ ആർപ്പുവിളിയാണ് ഞങ്ങളുടെ സന്തോഷം'- മറ്റൊരിടത്തുനിന്ന് ഒരു സ്ത്രീശബ്ദം. .
ആകാശത്തു വിരിയുന്ന നക്ഷത്രങ്ങളുടെ മങ്ങിയ പ്രകാശത്തിൽ ആ ആരവം അവർ കേൾക്കുന്നതുപോലെ തോന്നി. അതാണ് തങ്ങൾക്ക് ലഭിക്കുന്ന അഭിനന്ദനം എന്ന് നാടൻ തൃശൂർ ഭാഷയിൽ അവർ പറഞ്ഞു. പക്ഷേ ആ വാക്കുകളിലും ചിരിയിലും ദിവസങ്ങളായുള്ള അധ്വാനത്തിന്റെ ക്ഷീണം കാണാമായിരുന്നു. ഇനിയിപ്പോൾ മൂന്നോ നാലോ ദിവസങ്ങളല്ലേയുള്ളു എന്ന് എവിടെനിന്നോ ആശ്വാസത്തിന്റെ ശബ്ദം.
പക്ഷേ വിധി അവർക്കുവേണ്ടി മാറ്റിവച്ചത് ആരും പ്രതീക്ഷിക്കാത്ത വിപത്തായിരുന്നു. ആദ്യമായി പൂരം കാണുന്ന എനിക്ക് അവർ വാഗ്ദാനം ചെയ്ത ആവേശവും സന്തോഷവും എത്ര പെട്ടെന്നാണ് സങ്കടക്കടലിൽ മുങ്ങിയത്. ആ കമ്പപ്പുരകൾ മണിക്കൂറുകളോളം നിന്നു കത്തി. പിന്നെ ചാരമായി. ചിരി കരച്ചിലായി. ഉഗ്രസ്ഫോടനത്തില്‍ അവരുടെ നിലവിളി കെട്ടമർന്നു. പൂർത്തിയാക്കിയതും ബാക്കിയുള്ളതുമായ എല്ലാം പൊട്ടിത്തെറിച്ചു. അതിനൊപ്പം അവരുടെ ജീവിതങ്ങളും ചാമ്പലായി. എത്ര പെട്ടെന്നാണ് അവരുടെ വിധി മാറ്റിയെഴുതപ്പെട്ടത്.
അതിലൊരാൾ എനിക്ക് ഒരു പാട്ടു പാടി തന്നിരുന്നു. മറ്റുള്ളവർ ആ താളത്തിൽ തലയാട്ടി ജോലിയിൽ മുഴുകി. അവരിൽ എത്ര പേർ ഇന്ന് ബാക്കിയുണ്ടെന്നറിയില്ല. ആ താളത്തിനൊപ്പം ജീവിതത്തിന്റെ താളവും എത്ര പെട്ടെന്നാണ് തെറ്റിയത്. ആ പാട്ടു പാടിയ വ്യക്തി എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷേ ഇനി ആ വരികൾ മൂളാൻ അദ്ദേഹത്തിന് കഴിയുമോ എന്നറിയില്ല. ആ വരികൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്.
'മോളേ 52 വർഷമായി ഞാൻ ഈ ജോലി ചെയ്യുന്നു'വെന്ന് അതിലൊരാള്‍ പറഞ്ഞത് ഇപ്പോഴും കാതിലുണ്ട്. എന്നിട്ട് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. 'ഞാൻ ഒരു കലാകാരനാണ്'. അവരുടെ കല ആകാശമെന്ന കാൻവാസിൽ വർണം വാരിവിതറുന്നു. കരിപ്പൊടിയിൽ തിളങ്ങിനിന്ന അഭിമാനം കണ്ണീരായി മാറി. ഇനി ആ ആകാശത്ത് നിറങ്ങള്‍ വിരിയുമോ? അറിയില്ല.
പാട്ടു കേട്ടേശേഷം എഴുന്നേറ്റ് പോകാൻ തുടങ്ങിയപ്പോൾ ചേച്ചിമാർ നിർബന്ധിച്ചു, ഞങ്ങളുടെ കൂടെയിരുന്ന് കഞ്ഞി കുടിച്ചിട്ടു പോ മോളേ. പോകാൻ തിരക്കുണ്ട്, പിന്നെ വരാമെന്ന് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ മരണം കരിമരുന്നിന്റെ രൂപവും ഗന്ധവുമായി അവിടെ പതിയിരിക്കുകയാണെന്ന് ഒരിക്കലും ചിന്തിച്ചില്ല. മനസ്സിൽ അവർ പറഞ്ഞ നിറങ്ങളും ശബ്ദങ്ങളും മാത്രമായിരുന്നു. ഇനിയൊരിക്കലും കൂടെയിരുന്നു കഞ്ഞി കുടിക്കാൻ അവർ നിർബന്ധിക്കില്ല. ആ പാടത്ത് എവിടെയോ കഞ്ഞിപ്പാത്രങ്ങൾക്കൊപ്പം ആ ജീവനുകളും എരിഞ്ഞടങ്ങി. പൂരത്തിന് ആളുകളെ അമ്പരപ്പിച്ച് ആകാശത്ത് വര്‍ണപ്രകാശം വിരിയുമ്പോള്‍ ഇങ്ങ് താഴെ മുണ്ടത്തിക്കോട് തോരാതെ ഒരു കണ്ണീര്‍പ്പാടം ശേഷിക്കും.