തൃശൂരിലെ വെടിക്കെട്ട് സ്ഫോടനത്തിന് പിന്നാലെ വെടിക്കെട്ട് പോലുള്ള ആഘോഷങ്ങൾക്ക് പിന്നിലെ അപകട സാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയാണ്. വെടിക്കെട്ട്, ആനയെഴുന്നള്ളിപ്പ് ആചാരങ്ങളിലെ തന്‍റെ അഭിപ്രായം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കയാണ് എഴുത്തുകാരി ശാരദക്കുട്ടി.
ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടാൽ വെടിക്കെട്ട് നിർത്തില്ലെന്നറിയാം, ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കില്ലെന്നറിയാം, മനുഷ്യൻ നന്നാകില്ലെന്നറിയാം. ഈ ദുരന്തങ്ങൾ കൊണ്ടെങ്ങാനും വെടിക്കെട്ട് നിർത്തലാക്കുമോ എന്ന് ഭയക്കുന്നവരുമുണ്ട്. പൂരങ്ങളൊന്നും കലങ്ങരുത്. ആരും പായസത്തിൽ ചിക്കൻ മസാല കലക്കരുത് എന്നല്ലേ പുതുകാല ഗുരുവചനം എന്ന് ശാരദക്കുട്ടി പറയുന്നു.
എല്ലാ ദുരന്തങ്ങളും നിർദയം നിഷ്‌കരുണം ആവർത്തിക്കുക തന്നെ ചെയ്യും. പൂരക്കാലങ്ങളിൽ ആവർത്തിക്കാറുള്ള പല ദുരന്തങ്ങളിൽ ഒന്നു മാത്രമാണ് തന്‍റെ പോസ്റ്റെന്നും ശാരദക്കുട്ടി കുറിച്ചു. മനുഷ്യൻ തെരുവിൽ മരിക്കട്ടെ, മതങ്ങൾ ചിരിക്കട്ടെ എന്നും ശാരദക്കുട്ടി തന്‍റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
വെടിക്കെട്ട് അപകടങ്ങൾ എല്ലാ കാലങ്ങളിലും ആവർത്തിക്കാറുണ്ടെന്നും എന്നിട്ടും എന്തുകൊണ്ട് ഇത് നിർത്തലാക്കാൻ സാധിക്കുന്നില്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. അതേസമയം വെടിക്കെട്ട്, ആനയെഴുന്നള്ളത്ത് പോലുള്ളവ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമാണെന്നും അതൊരു വികാരമാണെന്നും വാദിക്കുന്നവരുമുണ്ട്.