തൃശൂര്‍  മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. ദുരന്തത്തില്‍ ഔദ്യോഗിക  മരണസംഖ്യ 11 ആയി .  അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് സമീപത്ത് നിന്നും ശിരസും കൂടുതല്‍ ശരീര ഭാഗങ്ങളും കണ്ടെടുത്തു. കഡാവര്‍ നായയുടെ സഹായത്തോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. വെടിക്കെട്ട് പുരയുടെ നാനൂറു മീറ്റര്‍ അകലെ പറമ്പില്‍ നിന്നാണ് തല കണ്ടെടുത്തത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ശരീരം ചിന്നഭിന്നമായതാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍.

 

ശരീര ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള മുണ്ടത്തിക്കോട് സെന്‍ററില്‍ വരെ കൊണ്ടിട്ടു. കാക്കകളും ശരീരാവശിഷ്ടങ്ങള്‍ വീട്ടുമുറ്റത്തും പറമ്പുകളിലും തള്ളുന്നുണ്ട്. കെഡാവര്‍ നായയുടെ സഹായത്തോടെ നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നും പരിശോധന നടത്തി.

 

അപകട സ്ഥലം വളഞ്ഞുള്ള പൊലീസ് ബന്തവസ് തുടരുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തിന്‍റെ ഭാഗമായി തെളിവെടുപ്പും മൊഴിയെടുക്കലും ഇനി നടത്തേണ്ടതുണ്ട്. കരാറുകാരന്‍ മുണ്ടത്തിക്കോട് സതീശനടക്കം ചികില്‍സയിലുള്ള നാലുപേരുടെയും ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തന്നെയാണ്. പത്തു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥീരികരിച്ചത്. നാലു പേരെ കാണാനില്ല. 

 

കാണാതായവര്‍ അപകടത്തില്‍ മരണപ്പെട്ടെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഡിഎന്‍എ പരിശോധന ഫലം കൂടി വന്നാല്‍ മാത്രമേ ഈ നാലുപേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതുവരെ ലഭിച്ച എഴുപതോളം ശരീര അവശിഷ്ടങ്ങളുടെ പരിശോധന ഫലം നാളെ വൈകിട്ടു മുതല്‍ വന്നു തുടങ്ങും.

ENGLISH SUMMARY:

Contractor Satheeshan has succumbed to injuries sustained in the Mundathikode fireworks explosion in Thrissur, taking the official death toll to 11. Authorities recovered body parts, including a head, from areas surrounding the blast site using cadaver dogs. The remains were found nearly 400 meters away, indicating the intensity of the explosion. Police suspect that the powerful impact caused severe disintegration of the body. Investigations are ongoing to determine the exact cause of the tragedy.