ps-prasanth-03

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജികുമാര്‍, തിരുവാഭരണ കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയും ചോദ്യം ചെയ്തു. 2025ല്‍ ദ്വാരപാലക ശില്‍പ്പപാളികള്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിലെ പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

 

തിരഞ്ഞെടുപ്പുകാലത്ത് അനങ്ങാതിരുന്ന ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എസ്.ഐ.ടി വീണ്ടും പതുക്കെ പണി തുടങ്ങുകയാണ്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും പ്രശാന്തിനൊപ്പം അംഗമായിരുന്ന അജികുമാറിനെയും ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. പ്രശാന്ത് പ്രസിഡന്‍റായിരുന്ന 2025 സെപ്തംബര്‍ 8നാണ് അവസാനമായി ദ്വാരപാലക ശില്‍പ്പപാളികള്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. അത് കൊണ്ടുപോയതും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയായിരുന്നു. തട്ടിപ്പ് നടന്ന ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സില്‍ തന്നെയാണ് സ്വര്‍ണം പൂശിയതും. പ്രശാന്ത് നേരിട്ട് ഇടപെട്ടാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശില്‍പ്പപാളികള്‍ കൊടുത്തുവിട്ടതെന്നാണ് ആരോപണം. 

 

ഇവരേക്കൂടാതെ നിലവിലെ തിരുവാഭരണം കമ്മീഷണര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴിയുമെടുത്തിട്ടുണ്ട്.   2025ലെ ഈ ഇടപാടിനേക്കുറിച്ച് പ്രത്യേകം അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്തത്. ഈ ഇടപാടിനേക്കുറിച്ച് ഹൈക്കോടതിയില്‍ പ്രത്യേകം റിപ്പോര്‍ട്ട് നല്‍കും. ഹൈക്കോടതി പറയുകയാണങ്കില്‍ പുതിയ കേസെടുക്കാനുമാണ് ആലോചന.

ENGLISH SUMMARY:

In the Sabarimala gold scam case, the Special Investigation Team (SIT) has once again questioned former Travancore Devaswom Board President P.S. Prashanth. Former board member Ajikumar and the Thiruvabharanam Commissioner were also questioned. The interrogation is part of a special probe into the 2025 incident where the Dwarapalaka idol panels were taken for regilding.