മലയാളത്തിന്റെ പ്രിയതാരം സലിംകുമാര്‍ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 3.30 ന് വീട്ടുവളപ്പിൽ. രാവിലെ 9 മുതല്‍ പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് പറവൂരിലെ വീട്ടിലെത്തിക്കും. 1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. പേരുകേട്ടാല്‍ ആരും മതം തിരിച്ചറിയേണ്ട എന്നുകരുതിയാണ് അച്ഛന്‍ സലിം എന്ന് മകനെ വിളിച്ചത്. സ്കൂളിലെ ടീച്ചര്‍ നിര്‍ബന്ധിച്ച് കുമാര്‍ എന്നുകൂടി ചേര്‍ത്തു. സലിം ഇക്കയെന്ന് പലരും തന്നെ വിളിക്കാറുണ്ടെന്ന് ഒരിക്കല്‍ താരം തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ചിറ്റാറ്റുകരക്കാരനായ സലിംകുമാര്‍ സിനിമാനടനാകാന്‍ വേണ്ടിയാണ് മഹാരാജാസിലേക്ക് വണ്ടി കയറിയെത്തിയത്. കലോല്‍സവങ്ങളിലെ മിമിക്രി തനിക്ക് സിനിമയിലേക്ക് വഴി തുറക്കുമെന്ന് സലിംകുമാര്‍ ഉറച്ച് വിശ്വസിച്ചു. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു.
ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. 'ഇഷ്ടമാണ് നൂറുവട്ട'മായിരുന്നു ആദ്യ ചിത്രം. 1996 സെപ്റ്റംബര്‍ 14ന് സുനിതയെ പ്രണയിച്ച് വിവാഹം കഴിച്ചു. അതിന് പിറ്റേ ദിവസമാണ് സിനിമയില്‍ അഭിനയിക്കാന്‍ പോയത്. 2000 ത്തില്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. മുന്നൂറിലേറെ സിനിമകളില്‍ താരം നിറഞ്ഞു നിന്നു. കംപാര്‍ട്മെന്‍റ്, കറുത്ത ജൂതന്‍, ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകളും സംവിധാനം ചെയ്തു.
വെറുമൊരു മിമിക്രി കലാകാരനായിരുന്ന തന്നെ മാത്രം മതിയെന്ന് പറഞ്ഞ് റിസ്കെടുത്ത സുനിതയ്ക്ക് ദൈവം നല്‍കിയ സമ്മാനമാണ് ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങളുമെന്നും സലിംകുമാര്‍ പറയുമായിരുന്നു. അച്ഛനുറങ്ങാത്ത വീടിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം (2005), ആദാമിന്‍റെ മകന്‍ അബുവിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ (2010), അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം (2013), കറുത്ത ജൂതന് 2016 ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം, 2013 ല്‍ മികച്ച നടനുള്ള ടെലിവിഷന്‍ അവാര്‍ഡ് എന്നിവ സലിംകുമാറിനെ തേടിയെത്തി.
ജന്‍മം കൊണ്ടേ താന്‍ കോണ്‍ഗ്രസുകാരനാണെന്നാണ് സലിംകുമാര്‍ പറയുക. ചിറ്റാറ്റുകരയിലും മാല്യങ്കര കോളജിലെ പഠനകാലത്തും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്നും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതമാര്‍ഗം കണ്ടെത്തേണ്ടി വന്നതോടെ മഹാരാജാസിലെത്തിയതോടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചെറിയ ഇടവേള നല്‍കി. സിനിമയില്‍ നിന്ന് ഷോര്‍ട്ട് ബ്രേക്കെടുത്ത കാലത്ത് കോണ്‍ഗ്രസ് വേദികളില്‍ സജീവമായി.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരമെത്തി. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പറഞ്ഞവരില്‍ ഒരാള്‍ സലിംകുമാറായിരുന്നു. ഒടുവില്‍ വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആ സന്തോഷവും താരം പങ്കിട്ടു.