സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണം.
കടുത്ത ചൂടിൽ ഇഴജന്തുക്കൾ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി പാർപ്പിടങ്ങൾക്കകത്തേക്കും എത്താൻ സാധ്യതയുണ്ട്. തൃശൂർ കോടാലിയിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരൻ ദാരുണമായി മരണപ്പെട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. ആ കുഞ്ഞിനുണ്ടായ ദുരന്തത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും നാടിന്റെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
അത്യുഷ്‌ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കും എന്ന് സൂചിപ്പിക്കുന്ന ഒരു അനുഭവമാണിത്. ചൂടിൽ നിന്ന് രക്ഷ നേടാൻ ജലാശയങ്ങളിലും പുഴകളിലും കുട്ടികൾ കുളിക്കാൻ പോകാറുണ്ട്. അവിടങ്ങളിലും നല്ല തരത്തിലുള്ള ജാഗ്രത പാലിക്കണം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ കഠിനമായ വേനൽക്കാലത്തെ നമുക്ക് സുരക്ഷിതമായി മറികടക്കാം.- മുഖ്യമന്ത്രി വ്യക്തമാക്കുന്നു.