Untitled design - 1

അഞ്ച് വർഷത്തിനുള്ളിൽ പുതുപ്പള്ളിയിൽ ഐപിഎൽ നേരിട്ട് നടത്തുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ.  ബിസിസിഐയോടും കെസിഎയോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പുതുപ്പള്ളിയിലെ ആരാധകർക്ക് സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ ബി.സി.സി.ഐ അവസരമൊരുക്കിയതിന്‍റെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ടാറ്റാ ഐ.പി.എൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കിയിരുന്നു. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഇത്തവണ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും പട്ടികയിൽ ഇടംപിടിച്ചിരുന്നു.

പുതുപ്പള്ളിയെക്കൂടാതെ ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചൽ പ്രദേശിലെ ചമ്പ, മാണ്ഡി, അസമിലെ ഗോലാഘട്ട്, സിൽച്ചാർ, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളും ഇതാദ്യമായാണ് ഫാൻ പാർക്കുകൾക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശം ആരാധകരിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.സി.സി.ഐ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. മെയ് 24 വരെ നീണ്ടുനിൽക്കുന്ന കായിക വിരുന്നിന്റെ ഭാഗമായാണ് വേദികൾ സജ്ജീകരിക്കുന്നത്.

 

ENGLISH SUMMARY:

IPL Puthuppally will be held directly within five years, according to MLA Chandy Oommen, who expressed gratitude to the BCCI and KCA. This initiative aims to bring the stadium-like atmosphere of IPL matches to fans in Puthuppally.