പൊള്ളാച്ചി വാൽപ്പാറയിൽ അപകടത്തില്‍പ്പെട്ട വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ പൂര്‍ണമായും തകര്‍ന്നു. 13-ാം ഹെയര്‍പിന്‍ വളവില്‍ നിന്നും നിയന്ത്രണം വിട്ട ട്രാവലര്‍ ഒന്‍പതാം വളവിലേക്കാണ് വീണത്. ഇതോടെ വാഹനം പൂര്‍ണമായും തകര്‍ന്നു. പലരും വാഹനത്തിന് അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. പരുക്കേറ്റവരെ പൊള്ളാച്ചിയിലെയും കോയമ്പത്തൂരിലെയും ആശുപത്രികളിലേക്ക് മാറ്റി.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ചാലക്കുടി എത്തിയ ശേഷം സംഘം അതിരപ്പള്ളി, മലക്കപാറ വഴി വാല്‍പ്പാറയിലെത്തി. അവിടെ നിന്ന് കാഴ്ച കണ്ട് 40 ഹെയര്‍പിന്‍വളവുള്ള ചുരം ഇറങ്ങുന്നതിനിടെ 13-ാം ബെന്‍ഡില്‍ അപകടമുണ്ടാവുകയായിരുന്നു.
13-ാം ഹെയർപിന്‍ വളവില്‍ വണ്ടി നിയന്ത്രണം വിട്ട് ഇടിക്കുകയും ഒന്‍പതാം വളവിലേക്ക് പതിക്കുകയായിരുന്നു. ഉരുണ്ട് വന്ന വാഹനം മലയടിവാരത്തെ ഒരു ഭാഗത്തേക്ക് ഇടിച്ച് നിന്നു. വാഹനം മലക്കം മറിഞ്ഞതോടെ പൂര്‍ണമായും തകരുകയായിരുന്നു. വാല്‍പാറയിലെ കാഴ്ചകള്‍ കണ്ട് തിരിച്ച് പൊള്ളാച്ചിയിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.