Untitled design - 1

 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാ നേതാക്കന്മാരും സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോ​ഗിക്കാറുണ്ട്. കണ്ടന്റിന്റെ സ്വീകാര്യത അനുസരിച്ച്, അവയ്ക്ക് റീച്ച് കുറയുകയും കൂടുകയുമൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ ലൈം​ഗികാരോപണക്കേസിൽ പ്രതിയായി കോൺ​ഗ്രസ് തന്നെ പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഫെയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോകളുടെ റീച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചാവിഷയം.

'മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത്' എന്ന ടൈറ്റിലിൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത അവസാന വിഡിയോക്ക് 137 കെ ലൈക്കും, 20 ലക്ഷത്തിനടുത്ത് വ്യൂവ്സുമാണുള്ളത്. ഇതുമാത്രമല്ല, വയനാട് ടൗൺഷിപ്പ് ഉൾപ്പടെയുള്ള വിഷയങ്ങളിലെ അദ്ദേഹത്തിന്റെ മുൻ വിഡിയോകൾക്കും വലിയ റീച്ചാണ് കിട്ടിയിട്ടുള്ളത്. ഇപ്പോഴിതാ ഈ റീച്ച് സോഷ്യൽ മീഡിയയിൽ കൃത്രിമം കാട്ടിയുണ്ടാക്കിയതാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇടത് സൈബർ ഹാൻഡിലുകൾ.

'കുറേ സഖാക്കൾ പറയുന്നത് കേട്ടിട്ട് ഫാക്ട് ചെക്ക് ചെയ്യാം എന്ന് വിചാരിച്ച് രാഹുലിന്റെ പോസ്റ്റിൽ കയറി ആരൊക്കെയാണ് ലൈക്ക് ചെയ്തത് എന്ന് നോക്കിയതാണ്. ആദ്യത്തെ കുറച്ചു ഭാഗം കഴിഞ്ഞാൽ പിന്നെ ലൈക് ചെയ്യുന്നത് ഓരോ സ്ക്രീൻഷോട്ടിലും കുറെ ഫേക്ക് ഐഡികൾ അഥവാ പേയ്ഡ് ഐഡികൾ. എന്നാലും ഈ മാങ്കൂട്ടത്തിലിന്റെ ഒരു കാര്യം. തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല'- ഹരിതം ഷൈജു എന്നയാൾ സ്ക്രീൻ ഷോട്ട് ഉൾപ്പടെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇപ്പോഴും രാഹുലിന്റെ അവസാന വിഡിയോയുടെ റിയാക്ഷനുകൾ പരിശോധിച്ചാൽ ആദ്യകുറച്ച് ഭാ​ഗത്തിന് ശേഷം ഫേക്ക് ഐഡികളോ പേയ്ഡ് ഐഡികളോ ആണ്. ഈ പശ്ചാത്തലത്തിലാണ് സൈബറിടത്ത് രാഹുലിനെതിരെ വിമർശനം ഉയരുന്നത്. ഈ പ്രചാരണത്തിനെതിരെ ഇതുവരെ രാഹുൽ പ്രതികരണവുമായെത്തിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

ENGLISH SUMMARY:

Rahul Mankootathil's social media reach is being heavily discussed in the context of election campaigns. Allegations have surfaced from left-wing cyber handles claiming that the reach of his Facebook videos, which have garnered millions of views and thousands of likes, is artificially inflated with fake and paid accounts.