mobile-phone-explosion-due-to-summer-heat-wave-fake

സംസ്ഥാനത്തെ താപനില സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും ഇത് വിശ്വസിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഈ മാസം 29 മുതല്‍ മേയ് 12 വരെ താപനില 45 ഡിഗ്രി സെല്‍സ്യസ് മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും ചൂട് കാരണം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാമെന്നും കാറില്‍ ഇന്ധന ടാങ്കുകള്‍ പൂര്‍ണമായും നിറയ്ക്കരുതെന്നുെമല്ലാമാണ് വാട്സാപ്പ് ഫോര്‍വേഡുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. സിവില്‍ ഡിഫന്‍സ് വകുപ്പിന്‍റേതെന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് വകുപ്പില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു. 

ഔദ്യോഗിക അറിയിപ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകളിലും വെബ്സൈറ്റുകളിലും മാത്രമാകും പ്രസിദ്ധീകരിക്കുക. മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും കണക്കിലെടുക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കുറിപ്പിങ്ങനെ:  'ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാർഹമാണ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും  ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ  വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. 

സിവിൽ ഡിഫൻസ് വകുപ്പിന്റേത് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല. മെംബർ സെക്രട്ടറി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി'. 

ENGLISH SUMMARY:

The Kerala State Disaster Management Authority (KSDMA) has issued a stern warning against fake social media messages regarding an extreme heatwave. Viral WhatsApp forwards claimed that temperatures would hit 45°C to 55°C between April 29 and May 12, potentially causing mobile phones to explode and car fuel tanks to burst. The KSDMA clarified that these messages, falsely attributed to a non-existent "Civil Defence Department," are completely baseless. Officials confirmed that the India Meteorological Department has made no such prediction for Kerala. Under Section 54 of the Disaster Management Act 2005, spreading such misinformation is a punishable offense. The public is urged to rely only on official websites and verified social media handles for weather updates.