ഇരുപതു കിലോയോളം ഭാരം വരുന്ന വിളക്കുകള്‍ തലയിലേന്തി ഒരു നൃത്തരൂപം. റീല്‍സുകളിലൂടെ താരമായിമാറിയ തൃശൂര്‍ മാടക്കത്തറ താണിക്കുടം ഭാസ്ക്കരന്‍റെ വിളക്കാട്ടം കണ്ടു വരാം.
ഈ തെളിഞ്ഞു കത്തുന്ന വിളക്കുകള്‍ ഒന്നിനുമേലെ ഒന്നായി നിലയുറപ്പിക്കും.അതും തലയിലേന്തി താളത്തിനൊപ്പം ആടും.ഉല്‍സവപ്പറമ്പില്‍ അങ്ങനെയൊരു കാഴ്ച്ച കണ്ടാലുറപ്പിക്കാം താഴെ താണിക്കുടം ഭാസ്ക്കരന്‍ തന്നെ. 11 വിളക്കുകള്‍ ചേര്‍ത്തൊരു വിളക്കാട്ടം. വലതുകാലില്‍ മൂന്നു വിരലുകളില്ല. ഇരുകാലുകളിലും ബാന്‍ഡേജ് കെട്ടി അതിനുമുകളില്‍ സോക്‌സും ധരിച്ചാണ് ഭാസ്ക്കരന്‍ താളം പിടിക്കുന്നത്. കാവടിയാട്ടത്തില്‍ തുടങ്ങി. എന്നാല്‍ ജീവിതപ്രാരാബ്‍ധം കലശലായപ്പോള്‍ വിമാനം കയറി. 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് തലയില്‍ വിളക്കേന്തിയത്.എണ്ണ തുളുമ്പി അപകടം പറ്റാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതലുകളുണ്ട്.വിളക്കുകള്‍ ഓരോന്നും ത്രഡ് ചെയ്തു ഘടിപ്പിച്ചതാണ്. അത്ഭുതം ആശ്ചര്യമായി മാറുന്ന കാഴ്ച്ച.