സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്വീറ്റി എബ്രഹാമിന്‍റെ കേരള പൊലീസിനെപ്പറ്റിയുള്ള റീല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കേരള പൊലീസില്‍ നിന്ന് രാത്രി 12 മണിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാവുമെന്ന് കരുതിയതേയില്ലെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് സ്വീറ്റി റീല്‍ ആരംഭിക്കുന്നത്.
'ഇന്നലെ എന്‍റെ റീചാര്‍ജ് ഓഫര്‍ കഴിയുമെന്നത് അറിയില്ലായിരുന്നു. 12 മണിക്ക് നെറ്റ് പോയി, വൈഫൈ ഇല്ല. കൂടെ സുഹൃത്തുക്കളുമില്ല. എന്നാല്‍ അത്യാവശ്യമായി ചെയ്യേണ്ട വര്‍ക്കുകളുമുണ്ട്. എല്ലാ വഴിയും അടഞ്ഞ് സ്റ്റക്കായി ടെന്‍ഷനടിച്ച് നിന്നപ്പോഴാണ് ഞാന്‍ 100ല്‍ വിളിച്ചത്.
നെറ്റ് തീര്‍ന്ന് പോയെന്നും അര്‍ജന്‍റായി ഒരു മെയില്‍ അയക്കാന്‍ ഉണ്ടെന്നും ചാച്ചനെ ഒന്ന് വിളിച്ച് എന്നെ വിളിക്കാന്‍ പറയാമോ എന്നുമാണ് ഞാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. നിങ്ങളോട് ഇത് പറയാമോ എന്ന് പോലും എനിക്കറിയില്ല, ആകെ ട്രാപ്പിലായതുകൊണ്ടാണെന്നും ഞാന്‍ പറഞ്ഞു. ചെറിയ ചിരിയോടെ ചാച്ചനെ വിളിച്ച് റീച്ചാര്‍ജ് ചെയ്യാന്‍ പറയണോ എന്നാണ് അവര്‍ തിരിച്ച് ചോദിച്ചത്.
2 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചാച്ചനെന്നെ വിളിച്ചു. സൈബര്‍ സെല്ലിന്‍ നിന്ന് വിളിച്ചു, നീ എന്താക്കെയാ കാട്ടുന്നതെന്നാണ് ചോദിച്ചത്. ചെറിയ കാര്യത്തിന് വിളിച്ചപ്പോള്‍ അവര്‍ ചാച്ചനെ വിളിച്ച് മോളെ വിളിക്കാന്‍ പറഞ്ഞല്ലോ. ബിഗ് സല്യൂട്ട് കേരള പൊലീസ്. നമ്മള്‍ എവിടെപ്പെട്ട് പോയാലും ഒറ്റക്കാവില്ലെന്ന് ബോധ്യമായി. ഈ കേരള പൊലീസിന്‍റെ സേവനം ഇവിടെ മാത്രേ ഉണ്ടാവൂ'. – സ്വീറ്റി എബ്രഹാം വിശദീകരിക്കുന്നു.