ഏറ്റവും പ്രിയപ്പെട്ടൊരാളെ കണ്ടാല്‍ ചേര്‍ത്ത് പിടിച്ച് ആശ്ലേഷിക്കില്ലേ? ആ കാഴ്ചയാണ് ഇന്നലെ ഒല്ലൂരില്‍ മന്ത്രി കെ.രാജന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായത്. ചൂരല്‍മലയില്‍ നിന്ന് എത്തിയ സംഘത്തില്‍ ദുരന്തത്തില്‍ തന്‍റെ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയനയുമുണ്ടായിരുന്നു. മൂര്‍ക്കനിക്കരയിലെ കുടുംബ സംഗമം കഴിഞ്ഞ് മടങ്ങുമ്പോള്‍ ധ്യാനിന്റെയും നിവേദിന്റെയും ഇഷാന്‍റെയും അമ്മ കെ.രാജനോട് ചോദിച്ചു, 'ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ?' ചേര്‍ത്ത് പിടിച്ച് ആശ്ലേഷിച്ച മന്ത്രിയോട് 'ജയിച്ചിട്ട് എന്‍റെ മക്കളെ കാണാന്‍ ഒന്നുകൂടി വരണം' എന്ന് പറഞ്ഞ് മടങ്ങി. വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായാണ് താന്‍ നിന്നതെന്ന് വിഡിയോ പങ്കുവച്ച് മന്ത്രി വൈകാരികമായി കുറിച്ചു. ചൂരല്‍മലക്കാരുടെ ഈ സ്നേഹത്തിന് പകരം വയ്ക്കാനൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മന്ത്രിയുടെ കുറിപ്പിങ്ങനെ: 'അപ്രതീക്ഷിതമായാണ് അവരെത്തിയത്. ചൂരല്‍മലയിലെ പ്രിയപ്പെട്ടവര്‍ ഇറങ്ങാന്‍ നേരത്ത് സയന ചോദ്ദിച്ചു ഒന്നു കെട്ടിപിടിച്ചോട്ടെ. കെട്ടിപിടിച്ച് സയന പറഞ്ഞത് ജയിച്ചു കഴിഞ്ഞ് മക്കളുടെ അടുത്തേക്ക് ഒന്നൂടെ വരണമെന്നാണ്. ഒറ്റ നിമിഷത്തില്‍ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു. സയനയുടെ മൂന്നു മക്കളും ധ്യാനും നിവേദും ഇഷാനും ദുരന്തത്തില്‍ നമ്മെ വിട്ടു പോയിരുന്നു. അവരവിടെ പുത്തുമലയില്‍ ഉറങ്ങുന്നുണ്ട്. ഈ സ്നേഹത്തിന് മുന്നില്‍ പകരം വെക്കാന്‍ ഒന്നുമില്ല'.
ചൂരല്‍മലയിലെ ദുരന്തം അറിഞ്ഞെത്തിയ സമയം മുതല്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസ ഏകോപന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു മന്ത്രി കെ.രാജന്‍. ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോഴും രാജനോടുള്ള സ്നേഹവായ്പുകള്‍ പ്രദേശവാസികള്‍ പ്രകടമാക്കിയിരുന്നു. പത്തുവയസുകാരിയായ മകളെ നഷ്ടപ്പെട്ട അമ്മ മന്ത്രിയെ ചേര്‍ത്ത് പിടിച്ച് അന്ന് പൊട്ടിക്കരഞ്ഞിരുന്നു. ദുരന്തബാധിതര്‍ക്കെല്ലാം വീടായിക്കഴിഞ്ഞേ മലയിറങ്ങൂവെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.