കഴിഞ്ഞ അഞ്ചുവർഷക്കാലം വികസനത്തിൻ്റെയും കരുതലിൻ്റെയും പുതിയ അധ്യായങ്ങളാണ് നേമത്ത് കുറിച്ചതെന്ന അവകാശവാദവുമായി വി ശിവന്‍കുട്ടി. ആ മുന്നേറ്റം കൂടുതൽ കരുത്തോടെ തുടരാൻ, വരാനിരിക്കുന്ന അഞ്ച് വർഷത്തേക്കുള്ള സമഗ്ര വികസന രേഖ 'വിഷൻ 2031' അവതരിപ്പിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'നേമത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനായുള്ള 78 പ്രധാന പദ്ധതികളാണ് ഈ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വികസന കാഴ്ചപ്പാടിലെ പ്രധാന 10 കർമ്മപദ്ധതികൾ താഴെ പറയുന്നവയാണ്:
1. നേമം സ്‌കിൽ കോറിഡോർ: കിള്ളിപ്പാലം മുതൽ പാപ്പനംകോട് വരെയുള്ള മേഖലയെ ലോകോത്തര നൈപുണ്യ പരിശീലന കേന്ദ്രമാക്കി മാറ്റും.
2. വിഴിഞ്ഞം തൊഴിൽ പാക്കേജ്: തുറമുഖ വികസനത്തിലൂടെയുണ്ടാകുന്ന പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നേമത്തെ യുവാക്കൾക്ക് ലഭ്യമാക്കാൻ പ്രത്യേക പരിശീലന പദ്ധതികൾ.
3. വർക്ക് നിയർ ഹോം: ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കായി അത്യാധുനിക സൗകര്യങ്ങളോടുള്ള കോ-വർക്കിംഗ് സ്‌പേസുകൾ ആരംഭിക്കും.
4. യൂത്ത് സ്റ്റാർട്ടപ്പ് ഹബ്ബ്: പുതിയ സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പയും സാങ്കേതിക സഹായവും നൽകാൻ പ്രത്യേക ഡെസ്ക്.
5. ഡിജിറ്റൽ ലൈബ്രറി: വായനശാലകളെ ഡിജിറ്റൈസ് ചെയ്ത് പി.എസ്.സി, യു.പി.എസ്.സി പരീക്ഷാർത്ഥികൾക്കായി ആധുനിക പഠന കേന്ദ്രങ്ങൾ ഒരുക്കും.
6. നേമം സ്പോർട്‌സ് സിറ്റി: നിലവിലുള്ള മൈതാനങ്ങൾ ആധുനികവത്കരിക്കും, ഒപ്പം എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകുന്നതിനായി 'അക്വാട്ടിക് സെന്റർ' സ്ഥാപിക്കും.
7. കരിയർ ഗൈഡൻസ് സെന്റർ: പത്താം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഉപരിപഠന മേഖലകൾ തിരഞ്ഞെടുക്കാൻ വിദഗ്ദ്ധ കൗൺസിലിംഗ് സംവിധാനം.
8. നൈറ്റ് ലൈഫ് & കൾച്ചറൽ സോൺ: യുവാക്കളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ സുരക്ഷിതമായ നൈറ്റ് ലൈഫ് സംവിധാനവും ആഴ്ചതോറും സാംസ്കാരിക പരിപാടികളും.
9. ഹാപ്പിനസ് പാർക്കുകൾ: ഓപ്പൺ ജിംനേഷ്യം, വൈഫൈ സൗകര്യം എന്നിവയടങ്ങുന്ന പാർക്കുകൾ മണ്ഡലത്തിലുടനീളം സ്ഥാപിക്കും.
10. യുവജന ടാസ്‌ക് ഫോഴ്‌സ്: 'വിഷൻ 2031' പദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും യുവജന പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക ഫോഴ്‌സ് രൂപീകരിക്കും.
ഇതുകൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളെയും സ്പർശിക്കുന്ന വിപുലമായ പദ്ധതികളാണ് നാം ലക്ഷ്യമിടുന്നത്..'– അദ്ദേഹം വിശദീകരിക്കുന്നു.