സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതില്‍ സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ മന്ത്രി വി.ശിവന്‍കുട്ടി. ‘പ്രോട്ടോക്കോൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും’ എന്നാണ് സര്‍ക്കാറിനെ പരിഹസിച്ച് ശിവന്‍കുട്ടി തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്. സവര്‍ക്കര്‍ സര്‍ക്കാര്‍ എന്ന് ഹാഷ് ടാഗോടു കൂടിയാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്.

വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് മുഖ്യമന്ത്രി ആർഎസ്എസുമായുണ്ടാക്കിയ ഡീലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വിമര്‍ശിച്ചു. വന്ദേ മാതരം പൂർണമായി ആലപിക്കാൻ പാടില്ല. കോൺഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു. ഈ വിഷയത്തിൽ ജനങ്ങൾ ഇടപെടണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ‘ഓണത്തിനും വന്ദേ മാതരത്തിലെ യുഡിഎഫ് നിലപാടാണ് ട്രെൻഡ്! അടുത്ത ഓണത്തിന് മുമ്പ് ഇതിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ലീഗ് അന്ത്യശാസനം നൽകിയതായും കേൾക്കുന്നു!’– എന്നാണ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദ് പരിഹസിച്ചത്.

എന്നാല്‍, പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുള്ളത് കൊണ്ടാണ് പൂര്‍ണമായും ആലപിച്ചതെന്നാണ് ടൂറിസംമന്ത്രി പി.സി വിഷ്ണുനാഥ് പ്രതികരിച്ചത്. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും ഇത് നിലപാടിന്റെ പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ഓണം വാരോഘത്തിന് തിരുവനന്തപുരത്ത് സമാപനമായി. സാംസ്കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഫ്ലാഗ് ഒാഫ് ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശനും ഗവര്‍ണറും മന്ത്രിമാരും പങ്കെടുത്തു. 

ENGLISH SUMMARY:

Former Minister V. Sivankutty criticized the Kerala government over the complete rendering of "Vande Mataram" at the state’s official Onam week celebrations, mockingly posting on Facebook with the hashtag "#SavarkarGovernment." CPM State Secretary M.V. Govindan alleged that singing the full anthem was part of a deal between the Chief Minister and the RSS, urging the public to intervene. In response, Tourism Minister P.C. Vishnunath clarified that protocol required the full recital since Vice President C.P. Radhakrishnan was present, emphasizing that it was not a matter of political stance.