മലയാള സിനിമയിലെ പെണ്ണുങ്ങൾ നാളിതുവരെ നടത്തിയ കലാപങ്ങളുടെ കനലിലൂടെയാണ് രഞ്ജിത്ത് ഇപ്പോൾ നടന്നുപോകുന്നതെന്ന് കണ്ടന്റ് ക്രിയേറ്റർ ഷിബു ഗോപാലകൃഷ്ണൻ. ഈ അടുത്ത കാലം വരെ, ഒരുപക്ഷേ ആലോചിക്കാൻ പോലും കഴിയാതിരുന്ന അവരുടെ ശക്തിപ്രകടനമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'ഇന്നലെവരെ ആരാലും കേൾക്കപ്പെടാതെ, ഏതൊക്കെയോ കാരവന്‍റെ അകത്തളങ്ങളിലും ഹോട്ടൽ മുറികളുടെ അടച്ചുറപ്പുകളിലും അമർത്തപ്പെട്ടുപോയ നിരാലംബതകളുടെ, നിസ്സഹായതകളുടെ, നാളിതുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ എഴുന്നേറ്റുനിൽപ്പാണിത്. ഇനിയും അങ്ങനെ അനുവദിച്ചുകൊടുക്കേണ്ടതില്ല എന്നുള്ള തീർപ്പുകളുടെ, അങ്ങനെ തീരുമാനിച്ചുകഴിഞ്ഞാൽ അഴിഞ്ഞുവീഴുന്നതേയുള്ളൂ എല്ലാ തമ്പുരാന്മാരും എന്നുള്ള ആത്മബോധത്തിന്‍റെ, അതിന്‍റെ പേരിൽ നഷ്ടപ്പെടുന്നതൊന്നും നഷ്ടങ്ങളല്ല എന്ന് ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ചതിന്‍റെ ആദ്യത്തെ കരണത്തടിയാണിത്!.
ഇത്തരമൊരു ധൈര്യത്തിലേക്ക്, എല്ലാ ഒത്തുതീർപ്പുകളെയും അതിജീവിച്ചുകൊണ്ട്, പിന്നെയും പിന്നെയും ഇങ്ങനെയൊരു വഴിയിലേക്ക് മാത്രം നടക്കാൻ തീരുമാനിച്ച ആ നടി ആരാണെങ്കിലും, അവരിൽ ഒഴുകുന്നത് ഇന്നുവരെ അതിനുവേണ്ടി ശബ്ദമുയർത്തിയ മുഴുവൻ സിനിമാ പെണ്ണുങ്ങളുടെയും രക്തമാണ്. അവർ അതിനുവേണ്ടി ഒഴുക്കിയ വിയർപ്പിന്‍റെ വഴികളുടെയെല്ലാം ഇങ്ങേയറ്റത്താണ് അവർ നിൽക്കുന്നത്.
സിനിമയുടെ ലോകവും കാലവും ഇനി ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല എന്നുള്ളതിന്‍റെ, നാളിതുവരെ കേട്ടതിൽ വച്ചേറ്റവും വലിയ കാഹളം!.' – അദ്ദേഹം വ്യക്തമാക്കുന്നു.
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികോരോപണക്കേസ് കൊച്ചി പൊലീസ് കൈകാര്യം ചെയ്തത് അതീവരഹസ്യമായാണ്. കഴിഞ്ഞയാഴ്ചയാണ് നടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു. 'ഒരുസ്ത്രീയ്ക്കെതിരെയും ഒരു ജോലിസ്ഥലത്തും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. പ്രതിക്കെതിരെ നേരത്തേ രണ്ട് കേസ് ഉണ്ടായിരുന്നു. ഒരെണ്ണം 377 (പ്രകൃതിവിരുദ്ധപീഡനം) ആയിരുന്നു.
ആ കേസുകള്‍ പല കാരണങ്ങള്‍ കൊണ്ട് റദ്ദാക്കപ്പെട്ടതാണ്. ഈ കേസ് അടുത്ത് സംഭവിച്ചതാണ്. അന്വേഷണമടക്കം രഹസ്യമായി സൂക്ഷിക്കുക എന്നതായിരുന്നു പൊലീസിനു മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിജീവിതയുടെ ഐഡന്‍റിറ്റി പുറത്താകാതെ നോക്കുക എന്നതും വളരെ പ്രധാനമായിരുന്നു. പ്രാഥമികമായി അന്വേഷിച്ചത് അങ്ങനെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ, അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നോ എന്നതായിരുന്നു. അത് ഉറപ്പാക്കിയശേഷമാണ് മുന്നോട്ട് നീങ്ങിയത്.
കേസ് എടുത്ത് ഒരാഴ്ച കഴിഞ്ഞാണ് അടുത്ത നടപടിയിലേക്ക് പോയത്. രണ്ടുദിവസമായി പ്രതിയെ പിന്തുടരുകയായിരുന്നു. പ്രതി ഇവിടെ നിന്ന് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു എന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചതുകൊണ്ടാണ് അതിവേഗത്തില്‍ പിടികൂടിയത്, ഷൂട്ടിങ് സെറ്റില്‍ നടന്ന കാര്യം സെറ്റിലുള്ള ആളുകള്‍ക്കെല്ലാം അറിയാം. സംഭവം ഉണ്ടായപ്പോള്‍ത്തന്നെ അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെ ഉണ്ടായിരുന്ന ആളുകളോടെല്ലാം പറഞ്ഞതാണ്. അവരെല്ലാം നടിയെ സമാധാനിപ്പിച്ച് വിടുകയായിരുന്നു, പിന്നാലെ അവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായി'. -കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ വ്യക്തമാക്കി.