വീടിന് ജപ്തി ഭീഷണി നേരിട്ട മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെക്കുറിച്ച് കുറിപ്പ് പങ്കുവച്ച് നടി ലക്ഷ്മിപ്രിയ. നാമ നിർദേശ പത്രികയിൽ മറ്റ് തൊഴിലെടുക്കാതെ കോടികളുടെ ആസ്തി എന്ന് എഴുതുന്നവരുടെ കൂട്ടത്തില്‍ എം.കെ.മുനീറിനെ കൂട്ടാനാവില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദം തന്നെയാണെന്നും ലക്ഷ്മിപ്രിയ കുറിച്ചു. 

'രാഷ്ട്രീയം തൊഴിലായി കൊണ്ടു നടക്കുന്ന ചിലരുടെ നാമനിർദേശ പത്രികയിൽ തനിക്കും കുടുംബത്തിനും കോടികളുടെ ആസ്തി എന്ന് എഴുതിയത് കണ്ട മനുഷ്യരാണ് നാം. ഇവരൊന്നും മറ്റൊരു തൊഴിലിൽ ഏർപ്പെട്ടതായി നമ്മുടെ അറിവിൽ ഇല്ല. അവരിൽ ഡോക്ടർ എം കെ മുനീർ സാറിനെ നമുക്ക് കൂട്ടാനാവില്ല. ജന സേവനത്തിന് എംബിബിഎസ് ഡോക്ടർ ആയിട്ട് കൂടി അദ്ദേഹത്തിന്റെ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹം കേരള രാഷ്ട്രീയത്തിൽ വന്ന് എംഎൽഎ ആയി.

അതിനും മുൻപ് അദ്ദേഹത്തിന്റെ സഹൃദയത്വം കേരളത്തിലെ സംസ്ക്കാരിക സദസ്സിൽ സാഹിത്യകാരൻ എന്ന നിലയിൽ നാം കണ്ടിട്ടുണ്ട്. മികച്ച വാഗ്മിയും പ്രഭാഷകനും എഡിറ്ററും ഗായകനും ഒക്കെയായി വിവിധ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചു. ശേഷം പൊതു പ്രവർത്തനങ്ങളിലേക്ക്. 2011- 16 കാലയളവിൽ മന്ത്രിയായും എം എൽ എ ആയും തുടരുന്ന അദ്ദേഹം തീർച്ചയായും അഴിമതിയിൽ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു അപവാദം തന്നെയാണ്,' ലക്ഷ്മി പ്രിയ പറഞ്ഞു. 

അല്ലെങ്കിലും നാട്ടിലേക്ക് തിരിച്ചു പോകാൻ ഖജനാവിൽ നിന്നും ഒരു നാണയം പോലും എടുക്കാതെ കടം വാങ്ങി തിരികെ പോയ പത്ര പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനും ദീർഘകാല വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ മകന് അങ്ങനെ ആകാനല്ലേ സാധിക്കൂ?

എം കെ മുനീർ സാറിന് ഡയബറ്റിസ് സംബന്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയാം. എന്നാൽ ഇന്നലെ വളരെ പരിക്ഷീണിതനായ അദ്ദേഹത്തെ സാംസ്കാരിക കേരളം വലിയ വേദനയോടെയാണ് കണ്ടത്. ഷോപ്പിംഗ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ ജപ്തി ഭീഷണിയിൽ കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയിൽ എന്നത് ഞെട്ടലുളവാക്കി....... അത്  ചരിത്രത്തെ പിന്നോട്ട് വലിയ്ക്കുകയും സി എച് സാഹിബിന്റെയൊക്കെ ചരിത്രം വീണ്ടും തിരയാനും കാരണമാക്കി. പ്രബുദ്ധ കേരളം രാഷ്ട്രീയ ചിന്തകൾക്കുമപ്പുറത്തേയ്ക്ക് ശ്രീ മുനീർ സാറിനെ ചേർത്തു പിടിക്കേണ്ടത് അത്യാവശ്യമാണ്, ലക്ഷ്മി പ്രിയ കുറിച്ചു. 

 

ENGLISH SUMMARY:

Actress Lakshmi Priya has shared a note about Muslim League leader and former minister MK Muneer facing a threat of house seizure. She highlighted that unlike some politicians who declare vast wealth without other professions, MK Muneer, a qualified doctor and accomplished individual, stands as an exception among those deeply involved in corruption.