ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളിച്ചവരോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹളമുണ്ടാക്കിയാൽ താൻ പ്രസംഗം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. പീരുമേട് മണ്ഡലത്തിലെ പ്രചാരണ സമ്മേളനത്തിനിടെയാണ് സംഭവം. 

നേരത്തേ, പ്രസംഗത്തിനിടെ പ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചപ്പോള്‍ 'വീട്ടിൽപ്പോയി ചോദിച്ചാൽ മതി' എന്ന് മുഖ്യമന്ത്രി പ്രതികരിച്ചതും വിവാദമായിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തുകയും ചെയ്തിരുന്നു. പൊതുയോഗത്തിൽ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണവും സ്വാഭാവികമായി അതിനനുസരിച്ചാകുമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 

''സാധാരണ ഓരോ കാര്യത്തിലും പാലിക്കേണ്ട മര്യാദകളുണ്ട്. ആ മര്യാദ പാലിക്കാതിരുന്നതാൽ പ്രതികരണവും സ്വാഭാവികമായും അതിനനുസരിച്ചാകും. അവിടെ ആരെങ്കിലും എൽഡിഎഫിനെ എതിർക്കാൻ വേണ്ടിവന്നവരല്ല. പിന്നെ ചില ഘട്ടത്തിൽ ചില പ്രത്യേക ആവേശക്കാരുണ്ടാകുമല്ലോ. പലതരത്തിലാണല്ലോ ആവേശംവരിക. ആ ആവേശത്തിന്റെ ഭാഗമായി ചോദിച്ച ചോദ്യമാണ്.

പത്രസമ്മേളനമല്ലല്ലോ, പൊതുയോഗം. നിങ്ങളെല്ലാം പൊതുയോഗത്തിന്റെ മുന്നിലിരുന്ന് ചോദ്യംചോദിക്കുമോ. അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടിയും അങ്ങനെയായിരിക്കും. അത് സ്വാഭാവികമല്ലേ. പൊതുയോഗത്തിന് പൊതുയോഗത്തിന്റേതായ മര്യാദയുണ്ട്. പൊതുയോഗത്തിൽ ആരോ സംസാരിക്കട്ടേ, ഇഷ്ടമില്ലാത്തവർ കേൾക്കണ്ട, പോകണം. ഇഷ്ടമുള്ളവർ കേട്ടാൽമതിയല്ലോ'', മുഖ്യമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Kerala CM Pinarayi Vijayan's speech controversy in Vandiperiyar saw him reprimanding slogan-shouting activists, warning to end his address if disruptions continued. This incident during an LDF election campaign rally in Peermade constituency follows a previous controversy where the CM advised a worker asking a question to do so at home.