TAGS

അനുഷ്ഠാന കലയായ പൂരക്കളിയിൽ വിസ്മയമായി കാസർകോട് സ്വദേശിയായ മൂന്നാം ക്ലാസുകാരൻ. മൂന്നുവർഷമായി പൂരക്കളി വേദികളിൽ സജീവമായ പിലിക്കോട് സ്വദേശി കശ്യപാണ് കാണികളെ കയ്യിലെടുക്കുന്നത്. പൂരക്കളിയിലെ സങ്കീർണമായ ശ്ലോകങ്ങൾ കശ്യപിന് മനപ്പാഠമാണ്.

നാലാം വയസ്സിൽ മാപ്പിട്ടച്ചേരി കാവിൽ നിന്നുമാണ് കശ്യപ് പൂരക്കളി കലാലോകത്തേക്ക് ചുവടുവെച്ചത്. പൂരക്കളിയിലെ പ്രമുഖനായ ചന്തേര പ്രമോദ് പണിക്കരിൽ നിന്നായിരുന്നു ആദ്യ ശിക്ഷണം. പിന്നീട് പ്രശസ്ത പൂരക്കളി ആചാര്യൻ ഓണക്കുന്ന് അപ്പു പണിക്കറുടെ ശിഷ്യത്വം സ്വീകരിച്ചു. പൂരക്കളിയിലെ ശാസ്ത്രീയ വശങ്ങളും മറത്തുകളിയും ഗൗരവമായി പഠിക്കാനുള്ള ഒരുക്കത്തിലാണ് ഈ മിടുക്കൻ. പൂരക്കളിയിലെ ഒന്ന് രണ്ട് മൂന്ന് നിറങ്ങളും ഒരു ചിന്തും വന്ദനാ ശ്ലോകവും മനപ്പാഠമാക്കിയിട്ടുണ്ട് കശ്യപ്.

പൂരക്കളിയിലെ സങ്കീർണ്ണമായ ശ്ലോകങ്ങളും പാട്ടുകളും അനായാസം മനപ്പാഠമാക്കിയ കശ്യപിന് ഭാവിയിൽ വലിയൊരു പൂരക്കളി പണിക്കറായി അറിയപ്പെടണമെന്നാണ് ആഗ്രഹം. മനോജ് സോനാ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കശ്യപ്. മൂത്ത സഹോദരി അപൂർവ്വ സംസ്കൃതം അക്ഷര ശ്ലോകത്തിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Young Kasyap, a third-grader from Kasaragod, is astonishing audiences with his mastery of Poorakkali, a ritualistic art form. He has been actively performing on Poorakkali stages for three years, captivating crowds with his memorization of complex shlokams and songs.