കാസർഗോഡ് തൃക്കരിപ്പൂരിൽ കിണർ പുനർനിർമ്മിക്കുന്നതിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തകിടുകളും രൂപങ്ങളും കണ്ടെത്തി. ഇളമ്പച്ചി തെക്കുമ്പാട് വടക്കേപുരയിൽ തറവാട്ടിലെ പഴയ കിണർ പുതുക്കി നിർമ്മിക്കുന്നതിനിടെയാണ് രൂപങ്ങൾ അടക്കം ചെയ്ത ചെറിയ ലോഹപ്പെട്ടി കണ്ടെത്തിയത്.

 

കിണറിന്റെ അടിഭാഗത്തെ നെല്ലിപ്പലകയിൽ ഉറപ്പിച്ച നിലയിലായിരുന്നു ലോഹപ്പെട്ടി. ​കിണർ പണിക്കാർ പഴയ കിണറ്റിൽ നിന്നും പുറത്തെടുത്ത് മാറ്റിയ നെല്ലിപ്പലകയുടെ അവശിഷ്ടങ്ങൾ പിന്നീട് തറവാട്ടുകാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഈ അപൂർവ്വ പെട്ടി ശ്രദ്ധയിൽപ്പെട്ടത്. പെട്ടിക്കുള്ളിൽ ഒരു ആൾരൂപം, ആമയുടെ ആകൃതിയിലുള്ള രണ്ട് രൂപങ്ങൾ, ഒരു നേർത്ത സ്വർണ്ണത്തകിട് എന്നിവയാണ് ഉണ്ടായിരുന്നത്. കണ്ടെടുത്ത വസ്തുക്കൾക്ക് ചുരുങ്ങിയത് 200 വർഷത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തറവാട്ടിലെ കാരണവന്മാർ ആരെങ്കിലും പ്രത്യേക തന്ത്രിക-ആചാരപരമായ ഉദ്ദേശത്തോടെ കിണറിന്റെ അടിത്തറയിൽ സ്ഥാപിച്ചതാകാം ഇതെന്നാണ് കരുതപ്പെടുന്നത്. പണ്ടുകാലത്ത് പ്രധാന നിർമ്മിതികൾ ആരംഭിക്കുമ്പോൾ അതിന്റെ അടിത്തറയിൽ സ്വർണ്ണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും നിക്ഷേപിക്കുന്ന രീതി നിലനിന്നിരുന്നു. എന്നാൽ, ഇപ്പോൾ ലഭിച്ച രൂപങ്ങൾ അത്തരത്തിലുള്ളതാണോ അതോ മറ്റെന്തെങ്കിലും പ്രത്യേക പ്രാധാന്യമുള്ളതാണോ എന്ന് വ്യക്തമായിട്ടില്ല. ഏതായാലും അപൂർവ്വമായി ലഭിച്ച ഈ പുരാതന വസ്തുക്കൾ തറവാട്ടിൽ തന്നെ സുരക്ഷിതമായി സൂക്ഷിച്ചുവെക്കാനാണ് തറവാട്ടംഗങ്ങളുടെ തീരുമാനം.

ENGLISH SUMMARY:

Ancient artifacts, including a metal box with figures and a gold plate, were discovered during the renovation of a century-old well in Thrikkarippur, Kasaragod. These historical items, estimated to be at least 200 years old, are believed to have been placed there for ritualistic purposes.