അഞ്ച് വടക്കന്‍ ജില്ലകളില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നാളെ യെലോ അലര്‍ട്ടുണ്ട്.

 

ഞായറാഴ്ചയും സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഉച്ചയ്ക്ക് ഒരുമണിക്ക് പുറത്തുവിട്ട ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ട് തുടരും. കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും ഉണ്ടാകും. ഇന്നത്തെയും നാളത്തെയും സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഈ മുന്നറിയിപ്പുകളില്‍ മാറ്റം വന്നേക്കാം.

 

ആറ് തരത്തിലാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കുന്നത്. XH അഥവാ എക്സ്ട്രീംലി ഹെവി റെയിന്‍ഫോള്‍ അഥവാ അങ്ങേയറ്റം ശക്തമായ മഴ (24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിന് മുകളില്‍ മഴ പെയ്യുന്ന സാഹചര്യം) പ്രവചിക്കുന്ന ഇടങ്ങളിലാണ് റെഡ് അലര്‍ട്ട് നല്‍കുക. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ വെരി ഹെവി റെയിന്‍ഫോള്‍ (VH) ആയി കണക്കാക്കും. ഈ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. ഒരുദിവസം കൊണ്ട് 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യുന്ന നിലയെ ഹെവി റെയിന്‍ഫോള്‍ (H) ആയാണ് നിര്‍വചിക്കുന്നത്. ഒറ്റപ്പെട്ട കനത്ത മഴ മുതല്‍ കനത്ത മഴയ്ക്ക് (ഹെവി റെയിന്‍ഫോള്‍) വരെ സാധ്യതയുള്ള സ്ഥലങ്ങളില്‍ യെലോ അലര്‍ട്ടും വരും. മോഡറേറ്റ് (M), ലൈറ്റ് റെയിന്‍ഫോള്‍ (L), വെരി ലൈറ്റ് റെയിന്‍ഫോള്‍ (VL) എന്നിവയാണ് മറ്റ് സാഹചര്യങ്ങള്‍.

ENGLISH SUMMARY:

Kerala is expecting heavy rain with red alerts issued for five northern districts including Kasaragod, Kannur, Kozhikode, Wayanad, and Malappuram. The India Meteorological Department has also announced orange and yellow alerts for other districts, urging preparedness for potential extreme rainfall events.