വിധി ഒരു കാൽ കവർന്നെടുത്തിട്ടും ജീവിതത്തോട് പൊരുതി മുന്നേറുന്ന ഒരു മിടുക്കനുണ്ട് വയനാട്ടിൽ. കാൻസർ എന്ന മഹാവ്യാധിക്ക് മുന്നിൽ പകച്ചുനിൽക്കാതെ ബോഡി ബിൽഡിങ്ങിൽ സ്വർണം നേടിയ പിലാക്കാവ് വട്ടർക്കുന്ന് സ്വദേശിയായ പ്രദീഷ്. തുടർന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രദീഷിന് സുമനസുകളുടെ സഹായം കൂടിയേ തീരൂ.
പ്രദീഷിന് ചുറ്റും കൂരിരുട്ടാണെന്ന് നമുക്കു തോന്നും. പക്ഷേ ആ ഇരുട്ട് അവനു വെളിച്ചമാണ്. അതിലേയ്ക്ക് തളരാത്ത ചുവടുകളോടെ നടന്നു കയറുകയാണ് അർബുദം ശരീരത്തെ താങ്ങിനിർത്തിയിരുന്ന കാലിനെ കാർന്നുതിന്നപ്പോൾ വീണിടത്തുനിന്ന് അവൻ പിടിച്ചുകയറി.
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഫുട്ബോൾ കളിക്കുമ്പോഴാണ് വേദനിച്ചു കാലുകുത്താൻ വയ്യാതെ വരുന്നത്. ഒരുമാസം പ്ലാസ്റ്റർ ഇട്ട് കിടന്നു. ക്യാൻസർ ആണെന്ന് പിന്നീടാണ് അറിയുന്നത്. കീമോതെറാപ്പിയുടെ നാളുകൾ വേദനയോടെ പിന്നിട്ടു. കാലിൽ കമ്പിയിട്ട് ചികിത്സ പൂർത്തിയാക്കി ആശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങി. പക്ഷെ കാലിൽ അണുബാധ ഉണ്ടായതോടെ, കാൽ മുറിച്ചു മാറ്റി. ആദ്യമൊക്കെ വീടിന്‍റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം ഒതുങ്ങി. പക്ഷെ വെല്ലുവിളികളെ അതിജീവിച്ച പ്രദീഷ് കഠിന പരിശീലനത്തിലൂടെ ജില്ലാ ബോഡി ബിൽഡിംഗിൽ ചാമ്പ്യനായി.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ പ്രദീഷിന് ഇനി ബിസിഎ പഠിക്കണമെന്നാണ് ആഗ്രഹം. പ്ലസ് വണ്ണിൽ വെച്ച് ലഭിച്ച കൃത്രിമ കാലാണ് ഇപ്പോഴുള്ളത്. അത് തീരെ പാകമാകുന്നില്ല. പകരം പുതിയതൊന്ന് വേണം. പ്രദീഷിന്‍റെ ആഗ്രഹങ്ങൾ സഫലമാകാൻ മറ്റുള്ളവർ കനിഞ്ഞേ മതിയാകൂ. കരുണയുടെ കരങ്ങൾ ആരെങ്കിലും നീട്ടുമെന്ന് പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.