മംഗളൂരു- തിരുവനന്തപുരം എക്സ്പ്രസില്‍ ടി.ടി.ഇയെ യാത്രക്കാരി മർദിച്ചതായി പരാതി. പാലക്കാട് ഡിവിഷന്‍, ഷൊർണൂർ ടീമിലെ ടിടിഇ എസ്.സുജിത്തിനാണ് മര്‍ദനമേറ്റത്. യാത്രക്കാരിയായ പട്ടിത്തറ സ്വദേശി കെ.പി.ശ്രുതി ആണ് മർദിച്ചതെന്ന് ചൂണ്ടിക്കാട്ടി സുജിത്ത് റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തപ്പോളായിരുന്നു മര്‍ദനം.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഫറോക്കിൽ നിന്നും കുറ്റിപ്പുറത്തേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാല്‍ ജനറല്‍ ടിക്കറ്റുമായി യുവതി കയറിയത് എസ്5 കമ്പാർട്ട്മെന്റിലായിരുന്നു. ജനറൽ ടിക്കറ്റ് ആയതിനാൽ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങി വനിതാ കമ്പാർട്ട്മെന്റിലേക്ക് മാറാൻ ടിടിഇ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ തര്‍ക്കിച്ച യുവതി ടിടിഇയെ മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ ഷൊർണൂർ റെയിൽവേ പൊലീസിൽ ടിടിയി പരാതി നൽകിയിട്ടുണ്ട്. പിന്നാലെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികില്‍സ തേടുകയും ചെയ്തു. സുജിത്തിന്റെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ടടിഇ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയും റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

A TTE (Travelling Ticket Examiner) named S. Sujith, attached to the Shornur team under the Palakkad Division, was allegedly assaulted by a female passenger on the Mangaluru–Thiruvananthapuram Express. The incident occurred around 7:30 PM near Feroke when the passenger, identified as K.P. Sruthi from Pattithara, was found traveling in the reserved S5 coach with a general ticket. When the TTE requested her to move to the ladies' compartment, an argument ensued, and she physically assaulted him. Sujith sustained injuries to his face and neck, sought treatment at Ottapalam Taluk Hospital, and filed a complaint with the Shornur Railway Police. Meanwhile, the woman has also filed a counter-complaint alleging misbehavior by the TTE.