ചാവക്കാട് എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ചതിനു പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹിമിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

യുവതിയുടെ മരണകാരണം പ്രസവ ശേഷമുള്ള പരിചരണമില്ലായ്മയെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. യുവതിയുടെ ഗർഭപാത്രം മുതൽ എല്ലായിടത്തും അണുബാധയുണ്ടായിരുന്നു. മുതുകിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. നേരത്തേയും ഇവരുടെ രണ്ടു കുട്ടികൾ മരിച്ചിരുന്നു. പ്രസവത്തെത്തുടർന്നുള്ള അണുബാധയെത്തുടർന്ന് ആന്തരികാവയവങ്ങളിലുൾപ്പെടെ പഴുപ്പുബാധിച്ചാണ് മുഹ്‌സിന കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മുഹ്‌സിനയുടെ ആരോഗ്യനില മോശമായിട്ടും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ ഭർത്താവ് തയ്യാറായില്ല. അക്യുപങ്ചർ ചികിത്സ പിൻതുടരുന്ന ഇബ്രാഹിം മറ്റ് ചികിത്സകളൊന്നും നൽകാൻ തയ്യാറായില്ലെന്നു പറയുന്നു.

അക്യുപങ്ചർ ചികിത്സയാണ് ഇബ്രാഹിം പിൻതുടർന്നിരുന്നത്. മുഹ്‌സിനയെ കുടുംബവുമായി ബന്ധപ്പെടാൻ ഇബ്രാഹിം അനുവദിച്ചിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ചാവക്കാട്ട് വീട്ടിലെത്തിയ യുവതിയുടെ പിതാവും സഹോദരിയുമാണ് ഗുരുതരാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവിൽ നിന്ന് ക്രൂര പീഡനത്തിന് യുവതി ഇരയായെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

ENGLISH SUMMARY:

A tragic home birth in Edakkazhiyur, Chazhikkad, has led to the deaths of both a newborn and its mother, resulting in the husband's arrest. Investigations revealed that the mother succumbed to severe infection and lack of post-natal care, with accusations of neglect and refusal of timely medical treatment by the husband.