police-cinema-style

ഒരു ഷാജി കൈലാസ് പൊലീസ് സിനിമ പോലെ ആക്ഷനും മാസും ചെയ്സും ഇടകല്‍ന്ന മണിക്കൂര്‍, കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അഖിലിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ എത്തിയ പ്രതികളെ പൊലീസ് പൊക്കിയത് സിനിമയെ വെല്ലും വിധം. നാട്ടുകാരുടെ സഹായം കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ എളുപ്പത്തിലായി.

നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട സംഘം രാത്രി എട്ടുമണിയോടെയാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. മണിമല വഴി കറുകച്ചാൽ എത്തി പൊലീസിനെ വെട്ടിച്ച് ചുറ്റിതിരിഞ്ഞായിരുന്നു ഇവരുടെ യാത്ര. ലക്ഷ്യം അതിർത്തി കടന്ന് തമിഴ്നാട്. എന്നാൽ കോട്ടയം ജില്ലാ അതിർത്തി കടത്തിവിടില്ലെന്ന് പൊലീസും ഉറപ്പിച്ചതോടെ അർധരാത്രി ചേസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പഴുതുകൾ അടച്ചു സേനാ വിന്യാസം. ഇതോടെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ കവലയുടെ സമീപം സംഘം പൊലീസിനു മുന്നിൽപെട്ടു. പക്ഷേ, പിടികൂടാനായില്ല. തുടർന്ന് മുണ്ടക്കയം ബൈപാസ് റോഡിൽ പൊലീസ് ഇവർക്ക് കെണിവെച്ചെങ്കിലും ഇവർ അവിടെ നിന്നും രക്ഷപ്പെട്ടു.

ദേശീയപാതയിലേക്ക് കയറാതെ പൂഞ്ഞാർ– എരുമേലി സംസ്ഥാനപാതയിൽ ആയി പിന്നെ യാത്ര. ടൗണിന് ഒരു കിലോമീറ്റർ അകലെ പുത്തൻചന്തയിൽ പിക്കപ്പ് ലോറി വിലങ്ങി വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവിടെ നിന്നാണ് ഇവർ എരുമേലി റൂട്ടിലേക്ക് പോയത്. മുണ്ടക്കയത്ത് നിന്നും നാല് കിലോമീറ്റർ അകലെ അമരാവതി കവലയിൽ എത്തി പൊലീസിനെ വെട്ടിക്കുവാൻ ഇടത്തേക്കുള്ള പുഞ്ചവയൽ റോഡിലൂടെ കയറി

തമിഴ്നാട് റോഡിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയായിരിക്കാം യാത്രയെന്ന് ഊഹിച്ച പൊലീസ് എല്ലാ വഴികളിലും തടസ്സങ്ങൾ സൃഷ്ടിച്ചു. ഇതിനോടകം തന്നെ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ അടക്കമുള്ള കാര്യങ്ങൾ പ്രദേശത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ നാട്ടുകാരും ഇറങ്ങി. അമരാവതി പുഞ്ചവയൽ റൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മുരിക്കുമ്പുഴ സ്കൂൾ ഭാഗത്തേക്കുള്ള ചെറിയ റോഡിൽ വാഹനവുമായി പ്രതികൾ എത്തിയതോടെ പെട്ടു. പരിചയമില്ലാത്ത റോഡിൽ കുടുങ്ങി.

കാർ വരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി ഇവരെ തടഞ്ഞു വെക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി നാലു പ്രതികളെയും സംഭവസ്ഥലത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രധാന റോഡിലേക്ക് കയറ്റി കൊണ്ടുവരികയും ചെയ്തു.അതിർത്തി കടന്നു തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനുള്ള പ്രതികളുടെ നീക്കങ്ങളാണ് രാത്രി പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തകർത്തത്.

'നിങ്ങൾ നാട്ടുകാരുടെ സഹകരണം കൊണ്ടാണ് പ്രതികളെ പിടികൂടാൻ സാധിച്ചത് എല്ലാവർക്കും കേരള പൊലീസിന്റെ നന്ദി' അർധരാത്രിയിൽ മുരിക്കുംവയൽ കവലയിൽ നിന്ന് ഡിവൈഎസ്പി വിശാൽ ജോൺസൺ ഉറക്കെ പറഞ്ഞതോടെ ചുറ്റും കൂടി നിന്ന് ജനങ്ങൾ ആരവത്തോടെ പൊലീസിന് ജയ് വിളിച്ചു.

ENGLISH SUMMARY:

a dramatic police chase that led to the arrest of criminals who murdered a gangster in Kollam and attempted to escape to Tamil Nadu. The pursuit, likened to a Shaji Kailas film, involved intense action, public assistance, and strategic roadblocks by the Kerala Police.