കൊല്ലം സ്വദേശിനി വിപഞ്ചികയും ഒന്നര വയസുകാരി മകളും ഷാര്‍ജയില്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തുന്നില്ലെന്നു പരാതി. മന്ത്രി വിഷ്ണുനാഥിനു കുടുംബം പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഇതോടെ മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിപഞ്ചികയുടെ കുടുംബം. കഴിഞ്ഞ വര്‍ഷം ജൂലൈ 8 നാണ് വിപഞ്ചികയേയും കുഞ്ഞിനേയും ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
33 കാരിയായ വിപഞ്ചികയും ഒന്നര വയസുകാരിയായ മകളും ആത്മഹത്യ ചെയ്തതിനു പിന്നാലെ വിപഞ്ചികയുടെ ശബ്ദസന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക സന്ദേശത്തില്‍ പറയുന്നുണ്ട്. മരണത്തിനും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത പോസ്റ്റിലൂടെയാണ് ആത്മഹത്യ കുറിപ്പ് പുറത്തു വന്നത്. ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരില്‍ നിന്നാണ് പീഡനം നേരിട്ടതെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും സഹോദരി നീതുവും ചേര്‍ന്നു തന്‍റെ മുടി നിര്‍ബന്ധിച്ച് മുറിച്ചു മാറ്റിയെന്നും കുഞ്ഞിന്‍റെ ചോറൂണ് ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആരോപിക്കുന്നു.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം ഏറ്റെടുത്തെങ്കിലും എങ്ങുമെത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. പ്രതികളെ നാട്ടിലെത്തിക്കണമെന്നും, ഭര്‍തൃസഹോദരി നീതുവാണ് വിപഞ്ചികയെ കൂടുതല്‍ ഉപദ്രവിച്ചതെന്നും, തെളിവുകള്‍ തന്‍റെ മകള്‍ ഫേസ്ബുക്ക് വഴി പങ്കുവെച്ചിട്ടുണ്ടെന്നും അമ്മുയും ആരോപിക്കുന്നു. എന്നാല്‍ ഷാര്‍ജയില്‍ വെച്ചു നടന്ന മരണമായതിനാലാണ് അന്വേഷണം മുന്നോട്ടുപോകുന്നതിന് തടസമെന്ന് കേരള പൊലീസ് പറയുന്നു.