ganesh-ksrtc-new

പഴയകാല 'അമ്മാവൻ' ബസ് വീണ്ടും നിരത്തിലിറക്കി കെഎസ്ആര്‍ടിസി. പണ്ട് തലസ്ഥാന നഗരിയിലൂടെ ഓടിയിരുന്ന ബസിന്‍റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് പുനഃസൃഷ്ടിച്ചത്. പേരൂർക്കട-കിഴക്കേകോട്ട റൂട്ടിലാണ് ബസിന്‍റെ സർവീസ്. അറുപതുകളിലും എഴുപതുകളിലും നിരത്തിലുണ്ടായിരുന്ന ബസുകളുടെ രൂപത്തിലാണ് വിന്റേജ് ബസിന്‍റെ നിർമാണം. കെഎസ്ആർടിസിയിലേയ്ക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിന്റേജ് ബസ് നിരത്തിലിറക്കിയത് എന്നാണ് ബസ് ഫ്ലാഗ്ഓഫ് ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞത്

ടൂറിസത്തിന്‍റെ ഭാഗമായിട്ടും കല്യാണങ്ങൾക്ക് സഞ്ചരിക്കാനും ഈ ബസ് ലഭിക്കുമെന്നാണ് മന്ത്രി അറിയിക്കുന്നത്. 2013 മോഡൽ അശോക് ലെയ്‌ലാൻഡ് ഷാസിയിലാണ് വിന്റേജ് രീതിയിൽ ബോഡി നിർമിച്ച് ഇറക്കുന്നത്. അന്നത്തെ വാഹനങ്ങളുടെ ചിത്രങ്ങൾ കണ്ടിട്ട് കെഎസ്‍ആർടിസി എൻജിനീയർമാർ ഈ ബോഡി നിർമിച്ച് എടുക്കുകയായിരുന്നു. അന്നത്തെ അശോക് ലെയ്‌ലൻഡിന്‍റെ ലോഗോ വരെ ഉപയോഗിച്ചിട്ടുണ്ട്

കെഎസ്ആർടിസി സെൻട്രൽ വർക്ക്‌ഷോപ്പിലാണ് വാഹനത്തിന്‍റെ നിർമാണം നടത്തിയത്. പഴയ ഗ്രില്ലും ഹെഡ്‌ലൈറ്റും വിൻഡ്‌ഷീൽഡ് മാതൃകയുമെല്ലാം അതുപോലെ സ്വീകരിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. നിറവും ഡിസൈനും പഴയ വാഹനത്തിന് സമാനമാണ്. 52 പേർക്കു യാത്ര ചെയ്യാവുന്ന ബസിന്‍റെ ഉൾഭാഗവും ലൈറ്റുകളും പഴയകാലത്തിന്‍റെ നേർചിത്രമാണ്. പഴയകാല ബസുകളെപ്പോലെ തന്നെ മുന്നിലേയ്ക്ക് തുറക്കാവുന്ന വിൻഡ് ഷീൽഡുകളും ഷട്ടർ വിൻഡോയുമാണ് ബസിൽ ഘടിപ്പിച്ചിരിക്കുന്നത്

കെഎസ്‍ആർടിസിയുടെ ആദ്യ സർവീസ് ആരംഭിച്ച കവടിയാർ കൊട്ടാരത്തിന്‍റെ മുന്നിൽ നിന്നാണ് വിന്‍റേജ് ബസിന്‍റെയും ഫ്ലാഗ്ഓഫ് നടന്നത്. തുടക്കത്തിൽ ഈ ഒരു ബസ് മാത്രമാണ് ഉണ്ടാകുക എന്നും ബസിന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ച് മറ്റിടങ്ങളിലേയ്ക്കും സർവീസ് ആരംഭിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

KSRTC vintage bus service has been launched in Thiruvananthapuram, recreating the iconic 'Ammavan' buses from the past. This retro bus aims to attract more passengers and will operate on the Peroorkada-KizhakkeKotta route, offering a nostalgic travel experience.