മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു ഉയര്‍ത്തിയ പരാതി രണ്ടാം നാള്‍ കോംപ്രമൈസായെന്ന് മന്ത്രി. ഭാര്യയെ വിളിച്ച് മാപ്പു പറഞ്ഞെന്നും ഇപ്പോഴത്തേത് രാഷ്ട്രീയ വേട്ടയെന്നും ന്യായം. ഇനി പരാതിയില്ലെന്ന് ഭാര്യ ബിന്ദു. പഴി മാധ്യമങ്ങള്‍ക്ക്. അപ്പോഴും പ്രശ്നം ബാക്കി, ചോദ്യം ബാക്കി.. ഹെല്‍പ് ഹെല്‍പ്... എന്ന് വിളിച്ചാര്‍ത്ത് സ്വന്തം വീട്ടില്‍ ഉപദ്രവിക്കപ്പെട്ട അവസഥ ഇന്നലെ കേരളം കേട്ടത് ബിന്ദുവില്‍ നിന്നാണ്.
112ല്‍ വിളിച്ച അവരുടെ കോള്‍ വട്ടുകൊണ്ടാണെന്ന് പറഞ്ഞത് മന്ത്രി ഗണേഷാണ്. വിളികേട്ട് എത്തിയ പിങ്ക് പോലീസ് മന്ത്രിമന്ദിരത്തിന്‍റെ പടി ചവിട്ടിയില്ലെന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ട് വാതില്‍ തുറന്നപ്പോള്‍ പുറത്തൊരു പിങ്കുമില്ല, പൊലീസുമില്ല എന്ന് പറഞ്ഞതും മന്ത്രിയുടെ ഭാര്യയാണ്...
ഇതെല്ലാം കോംപ്രമൈസായോ ? എങ്ങനെ ആയി ? ഇതെല്ലാം വ്യക്തിപരമായ കുടുംബപ്രശ്നത്തിന്‍റെ പരിധിയില്‍ വരുമോ ? പിണറായി സര്‍ക്കാര്‍ കാലത്ത് സ്ത്രീ സുരക്ഷ എന്നത് സാഹചര്യാനുസരണം മാത്രം ഉറപ്പാക്കപ്പെടുന്ന ഒന്നാണോ ? മുഖ്യമന്ത്രി മൗനത്തിലാണോ ?
2013 ല്‍ ഇതുപോലൊരു സന്ദര്‍ഭത്തില്‍ ഗണേഷ് യു.ഡി.എഫിനൊപ്പം നില്‍ക്കുമ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി, അതായത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അന്ന് കേരളത്തോട് പറഞ്ഞത് ഇപ്പോള്‍ അദ്ദേഹത്തിന് ഓര്‍മയുണ്ടോ ? ഇപ്പോള്‍ മന്ത്രിയുടെ രാജി വേണ്ട എന്ന് തീരുമാനിച്ചത് എന്തുകൊണ്ടെന്ന് സി.എം. വിശദീകരിക്കുമോ ?