ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേർന്ന് നടി അന്ന രാജൻ. ഇതാദ്യമായാണ് ആറ്റുകാൽ പൊങ്കാല അർപ്പിക്കാനായി നടി എത്തുന്നത്. ഒരുപാട് വർഷങ്ങളായി ആഗ്രഹിക്കുന്നതാണെന്നും ദേവിയുടെ വിളി വന്നത് ഇപ്പോഴാണെന്നും അന്ന പറയുന്നു. ‘കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാൻ പറ്റിയില്ല. ഈ വർഷം പെട്ടെന്നായിരുന്നു എല്ലാം.
ഇന്നലെയാണ് പ്ലാൻ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റീവ് ഫീൽ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്ന് ഇപ്പോൾ ഞാനും അതിന്റെ ഭാഗമായതിൽ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ.’ അന്ന രാജൻ പറഞ്ഞു.
നേരത്തെ തന്‍റെ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി രംഗത്ത് എത്തിയിരുന്നു. വെള്ള സാരി ധരിച്ച് ഉദ്ഘാടനത്തിനെത്തിയ അന്നയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേ വിഡിയോ എഡിറ്റ് ചെയ്ത് ശരീരം വികലമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് താരം രംഗത്തെത്തിയത്.