അതിജീവനത്തിന്റെ പുതുഗാഥ രചിച്ചുകൊണ്ട് നാം പണിതുയർത്തിയ കൽപ്പറ്റ ടൗൺഷിപ്പിന്റെ ഉദ്‌ഘാടനമാണ് നാളെ നടക്കാൻ പോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെയെല്ലാം ഉള്ളുലച്ച ദുരന്തമായിരുന്നു 2024 ജൂലൈ 30 ന് മുണ്ടക്കൈ-ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരള ജനതയുടെ ഐക്യത്തിലും ഇച്ഛാശക്തിയിലും ഊന്നിക്കൊണ്ട് ദുരന്തബാധിത പ്രദേശത്തിന്റെ പുനർനിർമ്മാണം ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കുമെന്ന് അന്ന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് യാഥാർത്ഥ്യമാവുന്ന ആവേശകരമായ മുഹൂർത്തമാണിത്.
178 കുടുംബങ്ങൾക്കായുള്ള ഫേസ്-1 ന്റെ ഉദ്‌ഘാടനമാണ് നാളെ. സ്വപ്‌നങ്ങൾ കൊണ്ട് പടുത്തുയർത്തിയ ഈ മഹത്തായ ടൗൺഷിപ്പ് നമ്മുടെ അഭിമാനമാണ്. ലോകമാകെ ഉറ്റുനോക്കുന്ന ഈ ചരിത്രനിമിഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. – മുഖ്യമന്ത്രി കുറിച്ചു.
നാളെ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞ് സഹായിച്ചവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. നാടിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ പദ്ധതിയെന്നും എല്ലാവരും കൽപ്പറ്റയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.