pinarayi-vijayan-regret

കോളജ് പഠനകാലത്ത് തനിക്കൊരു സുഹൃത്തുണ്ടായിരുന്നുവെന്നും മദ്യപാനത്തിന്‍റെ പേരില്‍ അദ്ദേഹത്തെ താന്‍ ഒഴിവാക്കിയത് പില്‍ക്കാലത്ത് കടുത്ത കുറ്റബോധമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ഒഴിവാക്കിയതോടെ സുഹൃത്ത് തകര്‍ന്നുപോയെന്നും പിന്നീട് മദ്യപിച്ച് വഴിവക്കില്‍ ഇരിക്കുന്ന സ്ഥിതിയിലേക്ക് ആയിപ്പോയെന്നും മുഖ്യമന്ത്രി  നടന്‍ മോഹന്‍ലാലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.ജീവിതത്തില്‍ എപ്പോഴെങ്കിലും പശ്ചാത്തപിക്കേണ്ടി വന്നിട്ടുണ്ടോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന പേരിലാണ് പിആര്‍ഡി തയാറാക്കിയ അഭിമുഖം. ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: 'പശ്ചാത്തപിക്കേണ്ടി വന്നിട്ടുള്ളൊരു ഘട്ടം പറഞ്ഞാല്‍ എന്‍റെ കോളജ് പഠനകാലത്ത് അടുത്തയൊരു സുഹൃത്തുണ്ടായിരുന്നു. നല്ല വലിയ കാശുള്ളയാളായിരുന്നു. സായ്പിന്‍റെ മകനായിരുന്നു. അന്ന് ട്രൗസറിന്‍റെ പോക്കറ്റില്‍ നിന്ന് നൂറിന്‍റെ നോട്ടുകള്‍ എടുക്കുന്ന വിദ്വാനാണ്. പക്ഷേ എന്നെ വലിയ കാര്യമായിരുന്നു. അടുത്ത ബന്ധമായിരുന്നു. പുള്ളി മെല്ലെ മദ്യപാനത്തിലേക്ക് നീങ്ങി. അന്ന് ഞാന്‍ വിദ്യാര്‍ഥി പ്രവര്‍ത്തനത്തിലുള്ള കാലമാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, അത് ശരിയല്ല..മദ്യപിക്കാന്‍ പാടില്ല എന്ന് പറഞ്ഞു. പക്ഷേ അത് വല്ലാതെ പരിധി വിട്ടു. അപ്പോള്‍ ഞാനാ ബന്ധം അങ്ങ് വിച്ഛേദിച്ചു. 

പിന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് ആ ബന്ധം വിച്ഛേദിച്ചത് അയാളെ കൂടുതല്‍ നാശത്തിലേക്ക് എത്തിച്ചുവെന്ന്. അയാള്‍ വല്ലാതെ തകര്‍ന്നുപോയി. പൂര്‍ണമായ മദ്യപാനിയായി. റോഡുവക്കിലൊക്കെ ഇരിക്കുന്ന തരത്തിലേക്ക് മാറി. അത് പിന്നെ എന്നെ കുറ്റബോധത്തിലേക്ക് നയിച്ചു. അന്നു ഞാന്‍ അങ്ങനെ വിട്ടിരുന്നില്ലെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു. ഞാനുമായുള്ള അടുപ്പം തുടര്‍ന്നിരുന്നുവെങ്കില്‍ അയാള്‍ മദ്യപിക്കുമായിരുന്നു പക്ഷേ ഇതുപോലൊരു മദ്യപാനിയായി മാറുകയില്ലായിരുന്നു എന്നാണ് എന്‍റെയൊരു തോന്നല്‍'. 

ENGLISH SUMMARY:

Kerala Chief Minister Pinarayi Vijayan recently shared a deeply personal story from his college days about a close friend he lost to alcoholism. Reflecting on his past, the CM expressed profound regret over his decision to sever ties with the friend due to his drinking habits. He recalled how the friend, who belonged to an affluent family, gradually spiraled into severe addiction and ended up on the streets after their bond was broken. Pinarayi Vijayan admitted that staying by his friend's side might have prevented such a tragic downfall. This rare emotional disclosure highlights a different side of the veteran leader's personality. The CM’s words serve as a reminder of the complexities of human relationships and the impact of one's choices on others.