vd-satheesan

TOPICS COVERED

പറവൂര്‍ ജനതയ്ക്കു മുന്‍പില്‍ കണ്ണീരണിഞ്ഞ് വി.ഡി സതീശന്‍. രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് വാത്സല്യവും പിന്തുണയുമേകി കൂടെ നിന്നവരാണ് പറവൂരുകാരെന്ന് പ്രതിപക്ഷ നേതാവ്. പുതുയുഗയാത്ര പറവൂരിലത്തിയപ്പോഴായിരുന്നു വി.ഡി. സതീശന്‍ നിയന്ത്രണം വിട്ടു കരഞ്ഞത്.

‘എനിക്കെല്ലാം എല്ലാമായ എന്‍റെ പ്രിയപ്പെട്ടവരേ, യഥാര്‍ഥത്തില്‍ ഈ സ്വീകരണം ഏറ്റുവാങ്ങി ഇങ്ങോട്ട് കടക്കുമ്പോള്‍ കരയാതിരിക്കാന്‍ ഞാന്‍ ഒരുപാട് പാടുപെട്ടു. കഴിഞ്ഞ കാല്‍നൂറ്റാണ്ട് എന്നെ നടത്തുന്ന ഇന്ധനവും ഊര്‍ജവും എല്ലാമെല്ലാം നിങ്ങളാണ്. ഇന്ന് ഞാനീ യാത്ര നടത്തുമ്പോള്‍ എന്‍റെ മനസിലുള്ള ആശയം യുഡിഎഫുമായി ചേര്‍ത്തുനിര്‍ത്തി നമ്മുടെ നാടിനൊരു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കിയത് നിങ്ങളാണ്, കുടുംബത്തിലെ ഒരംഗമായി എന്നെ ചേര്‍ത്തുനിര്‍ത്തിയെന്നും സതീശന്‍ പറയുന്നു.

എവിടെ പോയാലും കരയ്ക്കു പിടിച്ചിട്ട മീന്‍ പോലെയാണ് താനെന്നും എങ്ങനെയെങ്കിലും പറവൂരിലെത്തിച്ചേരണമെന്ന ആഗ്രഹമാണ് മനസിലുണ്ടാവുകയെന്നും സതീശന്‍ പറയുന്നു. കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കുന്ന ഈ യാത്രയുമായി ഇവിടെ വന്നെത്തുമ്പോള്‍ ഏറ്റവും പിന്തുണ നല്‍കുന്നത് നിങ്ങളാണെന്നും സതീശന്‍ പറവൂര്‍ ജനതയോട് പറയുന്നു.

10 വര്‍ഷക്കാലത്തെ ദുര്‍ഭരണം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സതീശന്‍ വ്യക്തമാക്കുന്നു. സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവന്ന വിഡിയോക്ക് താഴെ സതീശനെ പിന്തുണച്ചും വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളും നിറയുന്നുണ്ട്. കഴിഞ്ഞപ്രവശ്യം യാത്ര ഹരിപ്പാട് എത്തിയപ്പോൾ ചെന്നിത്തലയായിരുന്നു കരഞ്ഞത്, ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കരുത്, വല്ലപ്പോഴും മണ്ഡലത്തിൽ പോയാൽ ഈ സീൻ ഒഴിവാക്കാമായിരുന്നുവെന്നാണ് ഒരാളുടെ കമന്‍റ്. പ്രതിപക്ഷ നേതാവിനെ സിനിമയില്‍ എടുത്തെന്നും അഭിനയത്തിന്‍റെ സകലമേഖലയും കയ്യടക്കിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

 

 

V.D. Satheesan's Emotional Appeal to Paravur:

V.D. Satheesan became emotional in Paravur, expressing deep gratitude to the people for their unwavering support throughout his political career. He believes this journey, with the UDF, will bring about a positive change in the region and end ten years of misrule.