മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആര്‍.എം ഷഫീറും തമ്മില്‍ വാക്ക് പോര്. ഒരേ സമയം സര്‍ക്കാറിനെ വിമര്‍ശിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കുമ്പിടായാകേണ്ടെന്നും ചർച്ചയിൽ ഇനി പാർട്ടിയെ പ്രതിനിധീകരിക്കാൻ എന്താണ് അവകാശമെന്നും ഷഫീര്‍ ചോദിച്ചു. ഇ.പി. ജയരാജനേയും റിയാസിനേയും പുകഴ്ത്തി ബിആര്‍എം ഷഫീര്‍ സിപിഎമ്മുമായി പാലം ഇടാൻ ശ്രമിച്ചെന്നായിരുന്നു അനൂപിന്‍റെ ആരോപണം.
ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചതിനെയാണ് അനൂപ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചത്. മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആകുമെന്നായിരുന്നു ഇതിനോട് ബി.ആര്‍.എമ്മിന്‍റെ വിമര്‍ശനം.
മീഡിയ പാനലിസ്റ്റിലൊരാള്‍ സര്‍ക്കാരിെനതിരെ പരസ്യമായി പ്രതികരിച്ച് ചാനലില്‍ പോയിരുന്നാല്‍ എന്താണ് വിശ്വാസ്യത. ടി.വി യിൽ മുഖം വരാനുള്ള അവസരം നല്‍കിയത് പാര്‍ട്ടിയാണ്. അതുകൊണ്ട് എന്തൊക്കെയോ പ്രാധാന്യം തനിക്കുണ്ടെന്ന് ധരിച്ചാൽ തള്ളിപ്പറയാതെ പറ്റില്ലെന്നും ബിആര്‍എം ഫെയ്സ്ബുക്കില്‍ കുറിച്ചു.
താന്‍ കെ.എസ്.യു ജില്ലാ നേതൃത്വത്തിലും രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിലും പ്രവര്‍ത്തിക്കുമ്പോള്‍ ഷഫീർ പാർട്ടിയെ തെറിപറഞ്ഞ് ഡി.ഐ.സിക്കുവേണ്ടി പ്രസംഗിച്ചു നടക്കുകയായിരുന്നു എന്നാണ് അനൂപിന്‍റെ തിരിച്ചടി. ഷരീഫ് കോൺഗ്രസ് വക്താവ് ആയിരിക്കുമ്പോൾ ഇ.പി. ജയരാജനേയും റിയാസിനേയും പുകഴ്ത്തി സിപിഎമ്മുമായി പാലം ഇടാൻ ശ്രമിച്ചു. അവർ അടുപ്പിക്കാത്തത് കൊണ്ടാണോ, അതോ ഉളുപ്പില്ലാത്തത് കൊണ്ടാണോ ഷഫീർ വീണ്ടും കോൺഗ്രസിന് വേണ്ടി വീണ്ടും ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത് എന്ന് പറയേണ്ടത് അദ്ദേഹം തന്നെയാണെന്നും അനൂപ് ഫെയ്സുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് വി.ഡി. സതീശനെ തന്നെയാണ് മാതൃകയാക്കുന്നതെന്നും അനൂപ് വ്യക്തമാക്കി. സര്‍ക്കാറിനെ തിരുത്തുന്നതാണെങ്കില്‍ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് എംഎല്‍എയും പാർട്ടി വക്താവും ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി ചെയ്തതാണ് തന്‍റെ മാതൃക എന്നും അനൂപ് കുറിച്ചു.