vd-satheesan-jinto-john

പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്നും ഭരണകൂടങ്ങളുടെ അധികാരധാർഷ്ട്യത്തെ തുറന്നുകാട്ടുന്ന  സത്യം പറയാൻ കുട്ടികൾ വേണം എന്നും ജിന്റോ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കെഎസ്‌യുക്കാരെ തല്ലുന്നവരെ ന്യായീകരിക്കാൻ എന്റെ നാവ് പൊന്തില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, നേതാക്കളുടെ മക്കൾ മാറിനിന്നപ്പോൾ പാർട്ടിക്ക് വേണ്ടി തെരുവിൽ ഇറങ്ങിയത് ഈ 'കാര്യമില്ലാത്ത' പിള്ളേരാണെന്നും ഓർമ്മിപ്പിച്ചു.

അധികാരത്തിന്റെ ഉന്നതങ്ങളിൽ എത്തുമ്പോൾ സാധാരണ പ്രവർത്തകരെയും തങ്ങൾക്ക് വളരാൻ തുണനിന്നവരെയും ചവിട്ടുപടികൾ മാത്രമായി കാണുന്ന പ്രവണതയെ ജിന്റോ ജോൺ പോസ്റ്റില്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. കേവലം സ്വാർത്ഥതാല്പര്യങ്ങൾക്കായി സ്‌പൈരൽ ഗോവണി കയറുന്നവർക്കും 'സെലക്ടീവ്' ഉത്തരങ്ങൾ മാത്രം നൽകുന്നവർക്കും അധികാരത്തിന്റെ സുഖശീതളതയിൽ ദീർഘകാലം പിടിച്ചുനിൽക്കാമെന്നും, എന്നാൽ ചരിത്രം അർഹിക്കുന്ന വിധത്തിൽ അവരെ അടയാളപ്പെടുത്തുമെന്നും ജിന്റോ പറഞ്ഞു.

രാജാക്കന്മാർ മാറിവന്നാലും രാജാധികാര രീതികൾക്ക് മാറ്റമില്ലാത്ത അവസ്ഥയാണെന്നും, തീരുമാനങ്ങൾ എടുക്കുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. അധികാരമൊഴിയുമ്പോൾ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഈ കാലത്ത്, രാജാധികാരത്തിന്റെ നഗ്നത വിളിച്ചുപറയാൻ കുട്ടികളെപ്പോലെ നിർഭയരായ ശബ്ദങ്ങൾ ഇനിയും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ജിന്റോ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം: ‘ഒരു വർഷം മുമ്പ് വായിച്ച ഒരു കോളജ് മാഗസിനാണ്. 2001-02 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ഒരുക്കിയ നിലപാടുകളുടെ അക്ഷരക്കൂട്ട്. പെരുച്ചാഴികൾ എങ്ങനെയാണ് നമ്മുടെ ബോധ്യങ്ങളെ തുരന്നെടുക്കുന്നത് എന്ന് ഓർമിപ്പിക്കുന്നുണ്ട് ആ 418 പേജുകൾ. അക്കാദമിക, രാഷ്ട്രീയ രംഗങ്ങൾ മുതൽ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാൻ കഴിയും. അവർ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങൾ സമർത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവൽക്കരണത്തിലൂടെ അനുദിനം മുന്നേറും. പ്രതിച്ഛായ നിർമ്മിതിയുടെ എളുപ്പത്തിനായി ഏറ്റവും ദുർബല വാദങ്ങളെയും അങ്ങേയറ്റം ദുർബലരായ എതിരാളികളെയും ആക്രമിച്ച് മിടുക്കരാകും. താല്പര്യ പൂർത്തീകരണത്തിനായി സ്‌പൈരൽ ഗോവണി കയറുന്നവർക്ക് സെലക്ടീവ് ഉത്തരങ്ങൾ മാത്രം വായ്ത്താരിയിട്ട് മിടുക്ക് തുടരാം. ഓർമ്മകൾ പോലും മോഷ്ടിക്കപ്പെടുന്ന മനുഷ്യർക്ക് പ്രതിരോധമുണ്ടാകില്ലല്ലോ.

വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം. ചെരുപ്പിലെ പൊടിയും അഴുക്കും തട്ടികുടഞ്ഞ് കടന്നുപോകാനുള്ള താൽക്കാലിക ഇടങ്ങൾ മാത്രം. രാജപാദുകങ്ങൾക്ക് ചവിട്ടിക്കടന്നുപോകാൻ ശിരസ്സ് കാണിക്കുകയാണ് വിധേയ ദാസന്റെ ആദ്യ കടമയെന്നർത്ഥം. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലങ്ങൾ ആണല്ലോ. പറഞ്ഞതെല്ലാം മറക്കാനുള്ളത് മാത്രമാണെന്ന് സാരം. രാഷ്ട്രീയ അൽഷിമേഴ്‌സ് ബാധിക്കുന്നവർക്ക് പാട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ ന്യായീകരിച്ച് കാലം പോക്കാം.

അനീതി പർവ്വങ്ങളുടെ ഇരുണ്ടകാലം താണ്ടി ആഗ്രഹങ്ങളുടെ കടലായി ആർത്തലച്ച് കാത്തിരിക്കുന്ന മനുഷ്യർക്ക് നീതി വേണമെന്നും, അത് കഴിവതും നേരത്തെ വേണമെന്നും തോന്നാം. പക്ഷേ തീരുമാനങ്ങൾ എടുക്കപ്പെടുന്ന ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനം ഉണ്ടാകില്ല എന്നതാണ് രാജശാസനം. തിരുമനസ്സ് കൽപ്പിച്ചു നൽകുന്നത് മാത്രമാണ് നീതിയെന്ന് പോരാളികൾ സ്വയം വിശ്വസിക്കുകയും വേണം. രാജാവിനേക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി പറ്റുന്നതിനായി വാഴ്ത്തുകൾ പാടിക്കൊണ്ടേയിരിക്കും. രാജാക്കന്മാർ മാറി വന്നാലും രാജാധികാര രീതികൾ തുടർച്ചയാണ്.

അധികാരമൊഴിയുമ്പോൾ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് സത്യം പറയാൻ കുട്ടികൾ വേണം. സൂര്യ വെളിച്ചം കടംകൊണ്ട ചന്ദ്രനെപ്പോലെ തിളങ്ങുന്ന മന്നവന്മാരുടെ നഗ്നത വിളിച്ചു പറയാൻ കുട്ടികൾ വേണം. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ലെന്ന് പറയുംപോലെ 'കുട്ടികളല്ലേ' എന്ന് ആക്ഷേപിച്ചാലും, രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് എത്തിയെങ്കിലും ഫ്യൂഡൽ രീതികൾ തികട്ടിവരുന്നവരോട് ഭയമില്ലാതെ സത്യം പറയാൻ അധികാരപ്രീതിക്കായി കണ്ണിറുക്കി അടയ്ക്കുന്നവരുടെ ഇടയിൽ കുട്ടികൾ തന്നെ വേണം.

എത്ര പുസ്തകങ്ങൾ വായിച്ചു, എത്ര ഉത്തരങ്ങൾ കാണാതെ പഠിച്ചെഴുതി എന്നതൊന്നുമല്ല, എത്ര ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികൾ പ്രാപ്തരായി എന്നതാണ് വിദ്യാഭ്യാസത്തിന്റെ മികവ്. ചോദ്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം. ചോദിക്കാൻ കുട്ടികളും. ചോദ്യങ്ങളുമായി കടന്നുവരുന്ന കുട്ടികൾക്ക് ഇന്നും കെഎസ്‌യുക്കാരൻ തന്നെയായിരിക്കുന്നവന്റെ ആശംസകൾ. അധികാര തണൽ പറ്റാൻ പിൻവാതിൽ കയറിയോ, ഭാഗ്യാന്വേഷിയായ പ്രൊഫഷണലായി പ്രച്ഛന്ന വേഷം കെട്ടിയോ കെഎസ്‍യു ആയതല്ല. പോലീസ് മർദ്ദനങ്ങളും പരിക്കും ജയിലും പട്ടിണിയും എതിർ രാഷ്ട്രീയക്കാരുടെ അപമാനവും ആക്ഷേപവും അക്രമവും സഹിച്ച് സംഘടനാ പ്രവർത്തനം നടത്തി വന്നവർക്ക് ശീലമില്ലാത്ത കാഴ്ചകളിൽ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേയിരിക്കണം... ചോദിക്കാൻ കുട്ടികളും.

അപ്രഖ്യാപിത അംഗത്വ വിലക്കുള്ള ചില സംവിധാനങ്ങൾ തയ്യാറാക്കുന്ന ലിസ്റ്റുകളിൽ എന്തുകൊണ്ട് ആക്ഷേപ കാരണമായ പേരുകൾ കയറിക്കൂടി എന്ന് പരിശോധിക്കപ്പെടണം. ആരൊക്കെയായിരുന്നു ശുപാർശക്കാർ എന്നും വിവാദ വ്യക്തികളല്ലാതെ മറ്റാരും കഴിവുള്ളവരായി ഉണ്ടായിരുന്നില്ലേ എന്നും ആലോചിക്കണം. പിണറായി ഭരണത്തിന്റെ പത്ത് വർഷങ്ങളിൽ ആ പട്ടേലരുടെ സെന്റിന്റെ മണം മാത്രം ശ്വസിച്ച് കണ്ണടച്ചിരുന്ന എസ്എഫ്ഐ അല്ല കെഎസ്‍യു എന്ന് പഠിപ്പിച്ചവരോടും , കരിസ്മാറ്റിക് ക്ലാസ്സുകളോടും കടപ്പാട്.

പണ്ട് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ സമരം ചെയ്തു പോലീസ് ചവിട്ടിയൊടിച്ച കാലുമായി മാസങ്ങളോളം വീട്ടിൽ കിടക്കുമ്പോൾ കുസാറ്റിലെ എസ്എഫ്ഐയുടെ തല്ലുകാരനായ വടക്കേക്കൂട്ട് വക്കീലും ഇന്ന് യുഡിഎഫ് കാലത്തെ പ്ലീഡർ! ഇതുപോലെ പലരുമുണ്ട്. വ്യക്തികളോടല്ലല്ലോ വ്യവസ്ഥകളോടാണല്ലോ കലഹം. അതുകൊണ്ട് പേരുകൾ പറയുന്നില്ല. ഇവരൊക്കെ യുഡിഎഫിൽ വന്നത് അറിഞ്ഞില്ല. അടിന്തരാവസ്ഥ ഒന്നുമില്ലായിരുന്നല്ലോ, രഹസ്യമായി പാർട്ടിയിൽ ചേരാൻ. ഇവരിൽ കവിഞ്ഞ് മറ്റാർക്കും പ്രാഗത്ഭ്യം ഇല്ലെന്നാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല.

സന്ദീപ് വാര്യർ ബിജെപി വിട്ടകാലം മുതൽ കോൺഗ്രസ്‌ ആണെന്ന് പരസ്യ നിലപാടുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും കൊട്ടാരക്കരയിലുമൊക്കെ മത്സരിച്ചവർ പിണറായി- മോദി വിരുദ്ധ രാഷ്ട്രീയം തുറന്ന് പറയുന്നവരാണ്. പരസ്യ നിലപാടുള്ളവർ ആണ്. ആർഎസ്എസ് പശ്ചാത്തലമൊക്കെ ന്യായീകരിക്കുക എന്നുപറഞ്ഞാൽ വിഷമം ഉണ്ട്. ദേശാഭിമാനി, കൈരളി റിപ്പോർട്ടർമാരോ, പിണറായി വിജയനെന്ന ദുർബല പ്രതിരോധമോ, തമ്മിൽത്തല്ലി തകർന്നു തരിപ്പണമായ എൽഡിഎഫോ, കപ്പിത്താനെ കണ്ണടച്ച് ന്യായീകരിച്ച് വിശ്വാസ്യത കപ്പലുകയറിയ ഡിവൈഎഫ്ഐ - എസ്എഫ്ഐ അതിദുർബല പ്രതിരോധ പ്രധിഷേധമോ അല്ല. ഓർമ്മകൾ കെട്ടുപോകാത്ത വെറും മനുഷ്യർക്കാണ് ഉത്തരം വേണ്ടത്.

കുറച്ചുകാലം മുമ്പ് തേവര കോളജിലെ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച ഒരു എസ്എഫ്ഐക്കാരന് വേണ്ടി കാലടിയിലുള്ള ഒരു കോൺഗ്രസുകാരൻ വിളിച്ചിരുന്നു. അദ്ദേഹത്തിന്റേത് കോൺഗ്രസ് കുടുംബമാണെന്നും മകൻ കോളേജിൽ എസ്എഫ്ഐ ആയതുകൊണ്ട് നടന്ന അക്രമാണെന്നും സഹായിക്കണമെന്നും ശുപാർശ. അച്ഛനും അമ്മയും വീട്ടുകാരും കോൺഗ്രസ് ആയിരിക്കും പക്ഷേ ക്യാമ്പസിൽ കഷ്ടപ്പെട്ട് പണിയെടുക്കുന്ന കെഎസ്‍യുക്കാരെ ആക്രമിക്കുന്നവർക്ക്, അതിന് കൂട്ട് നിൽക്കുന്നവർക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് പറ്റില്ല എന്നുള്ളതായിരുന്നു ഞാനെടുത്ത നിലപാട്. രാഷ്ട്രീയം പറഞ്ഞും പ്രവർത്തിച്ചും അതിന്റെ  പ്രയാസങ്ങൾ അനുഭവിച്ചും കടന്നുവന്ന ഒരു കെഎസ്‌യുക്കാരന് അങ്ങനേയേ പറ്റൂ. അതിൽ കുറഞ്ഞുള്ള ഡിപ്ലോമസി മതിയെന്ന് തോന്നി. നേതാക്കളുടെ മക്കൾ ഒരുപാട് പേർ മടിച്ചു മാറിനിൽക്കുമ്പോൾ ആ ദീപശിഖാങ്കിത നീല പതാക പിടിക്കാൻ ഈ 'ഒരു കാര്യവുമില്ലാത്ത'  പിള്ളേരെ ഉണ്ടായിരുന്നുള്ളൂ.

കെഎസ്‍യുക്കാരെ ക്യാമ്പസിൽ തല്ലുന്നവരെ, തല്ലുന്നതിന് പിന്തുണയ്ക്കുന്നവരെ ന്യായീകരിക്കാൻ എന്റെ നാവ് പൊന്തില്ല. വീട്ടുകാർ കോൺഗ്രസ്‌ ആയതിന്റെ പേരിൽ കൊടുക്കേണ്ടതല്ല രാഷ്ട്രീയ നിയമനങ്ങൾ. നിയമനം കിട്ടിയവരിൽ പലരും അകന്ന ബന്ധുക്കളുടെ പോലും വിദൂര കോൺഗ്രസ്‌ ബന്ധം ചികയുന്ന തിരക്കിലാണ്. കിട്ടിയ പോസ്റ്റിൽ എങ്ങനേയും അള്ളിപ്പിടിച്ചിരിക്കണമല്ലോ. സിപിഐ, സിപിഎം, ബിജെപി മുതലായ മുൻകാല രാഷ്ട്രീയത്തിന്റെ പേരിലല്ല, ഇപ്പോഴും അജ്ഞാതമായ കോൺഗ്രസ്‌ പ്രവർത്തനത്തിന്റെ പേരിലാണ് അവരോടുള്ള വിമർശനം.

ENGLISH SUMMARY:

Congress leader Jinto John has issued a sharp rebuke against V.D. Satheesan’s recent dismissive remarks regarding KSU’s involvement in pleader appointments. John argues that party leaders frequently disregard the sacrifices of grassroots workers who braved physical attacks and imprisonment for the organization, while rewarding those with questionable political histories. He criticizes the growing trend of power-centric "feudal" leadership within the party, where loyal activists are sidelined in favor of those who maneuver through backdoors. Ultimately, he asserts that the voice of the younger generation is essential to hold such power structures accountable and to protect the integrity of the party's democratic values.