babu-rahul

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് നിലപാടെടുത്ത കെ ബാബുവിനെക്കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കഴിഞ്ഞ നിയമസഭയില്‍ പാര്‍ട്ടി പരാജയപ്പെട്ടപ്പോഴും സന്തോഷം നല്‍കിയ വിജയം കെ.ബാബുവിന്റേതായിരുന്നുവെന്ന് രാഹുല്‍. ചെയ്യാത്ത തെറ്റിന്റെ പേരില്‍ വേട്ടയാടപ്പെട്ട ആ മനുഷ്യന്റെ വേദന നന്നായറിയാമെന്നും ആൾക്കൂട്ടത്തിൽ ജീവിച്ച ഒരു മനുഷ്യനു ആ ആൾക്കൂട്ടം തന്നെ ഒരു ട്രോമയായ് മാറിയ സാഹചര്യം അത്യന്തം വേദനാജനകമാണെന്നും രാഹുല്‍ പറയുന്നു. Also Read: നിയമസഭയിലേക്ക് മല്‍സരിക്കാനില്ല; പിന്‍ഗാമിയെ നിര്‍ദേശിക്കാനുമില്ല; കെ.ബാബു

ആരെങ്കിലും ഒന്ന് നോക്കിയാൽ അത് താൻ ചെയ്യാത്ത തെറ്റിൽ തന്നെ ക്രൂശിക്കുകയാണോ എന്നുവരെ തോന്നിയ ബാബുചേട്ടനെ സജീവമാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ ആയിരുന്നെന്നും ഒടുവിൽ 2021 ൽ ബാബു ചേട്ടൻ വീണ്ടും മത്സരത്തിന് ഇറങ്ങിയപ്പോൾ ക്രൂരമായി അദ്ദേഹത്തെ വ്യക്തിപരമായി വേട്ടയാടിയിട്ടും, തൃപ്പൂണിത്തുറ പോലെ ഒരു ഇടത്പക്ഷ മണ്ഡലത്തിൽ, ഒരു ഇടത് തരംഗത്തിൽ, അവരന്നു പ്രസംഗിച്ചത് പോലെ അവരുടെ മെസ്സിയെ തോൽപ്പിച്ച് ബാബു ചേട്ടൻ വീണ്ടും നിയമസഭയിലെത്തിയെന്നും കുറിപ്പില്‍ ചേര്‍ക്കുന്നു.

സംസ്ഥാനത്ത് ആകെ LDF ജയിച്ച തിരഞ്ഞെടുപ്പിൽ, സിപിഎം ഏറ്റവും ആഘോഷിക്കുന്ന അവർ സ്റ്റാർ ക്യാൻഡിഡേറ്റ് എന്ന് കരുതുന്ന സീറ്റിംഗ് MLA കൂടിയായ ശ്രീ എം സ്വരാജിനെ ബാബു ചേട്ടൻ തോല്പ്പിച്ചു എന്നുള്ളത് ആയിരുന്നില്ല എന്റെ സന്തോഷത്തിന്റെ കാരണമെന്നും രാഹുല്‍ പറയുന്നു. 

‘കള്ളൻ ബാബു’ എന്നും ‘കോഴ ബാബു ’ എന്നുമൊക്കെ വിളിച്ച് ആക്ഷേപിച്ചും, കുടുംബത്തെയും കൂട്ടുകാരെയും വരെ പൊതു വിചാരണ നടത്തിയും മാധ്യമങ്ങളിലൂടെ താറടിച്ചും നടന്ന സിപിഎം അതിനു ശേഷം 10 വർഷം അധികാരത്തിൽ ഇരുന്നിട്ടും അവർ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അതല്ലെങ്കിലും സത്യം മാത്രമല്ലെ അത്യന്തികമായി ജയിക്കൂവെന്നും ചോദിക്കുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

ഇന്ന് ബാബു ചേട്ടൻ വീണ്ടും അത്ഭുതമാവുകയാണ്. തനിക്ക് വീണ്ടും മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ ‘ഞാൻ ഇനി പാർലമെന്ററി രംഗത്തേക്ക് ഇല്ല’ എന്ന അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്.  ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന പലർക്കും ബാബു ചേട്ടൻ മാതൃകയാണ്.  

മരിക്കുന്നത് ബോർഡ്‌ വെച്ച കാറിൽ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം. ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്. ഏറ്റവും അനിവാര്യരായ, പാർട്ടി ഫേസ് ആയ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറി നില്ക്കണമെന്ന് ചിന്തിക്കാൻ, തൃപ്പുണിത്തറയിൽ ഏറ്റവും വിജയ സാധ്യത ഉള്ള ബാബു ചേട്ടന്റെ പിന്മാറ്റം ആവേശം നല്കട്ടെയെന്നും രാഹുല്‍ കുറിപ്പിലെഴുതുന്നു.

ബാബു ചേട്ടാ,  നിങ്ങൾ അഴിമതിക്കാരനല്ല,  തോറ്റുപോയവനുമല്ല എന്ന് കുറ്റബോധത്തോടെ ഇന്ന് ഈ നാട് പറയുന്നുണ്ട്–എന്നു പറഞ്ഞാണ് രാഹുല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

K Babu's decision to not contest elections again is a model for others, according to Rahul Mankootathil. Mankootathil highlighted Babu's past struggles and his current principled stance as an inspiration for new leadership.