തീ പിടിച്ച ബസിലെ യാത്രക്കാരെ രക്ഷിക്കാനുള്ള നാട്ടുകാരുടെ അതിവേഗ രക്ഷാപ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി. ഒറ്റപ്പാലത്താണ് ഓടി കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചത്. പാലക്കാട് - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്‍റെ മുന്‍ഭാഗത്ത് നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ പിടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ബസ് നിര്‍ത്തി. പിന്‍വശത്തെ വാതില്‍ പെട്ടെന്ന് തുറന്നെങ്കിലും മുന്‍വശത്തെ ഓട്ടോമാറ്റിക് വാതില്‍ ജാമായി തുറക്കാനാവാത്ത സ്ഥിതിയായിരുന്നു.
ഈ സമയത്ത് വഴിയിലൂടെ വന്ന ഓണ്‍ലൈന്‍ ഡെലിവറി ഏജന്‍റായ യുവാവ് വാതില്‍ ചവിട്ടി പൊളിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും ഒന്നില്‍ കൂടുതല്‍ ഫയര്‍ എസ്റ്റിഗ്യൂഷറുമായി എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചു. യാത്രക്കാരെ വളരെവേഗം ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.
ഡീസൽ പൈപ്പ് പൊട്ടിയതാണ് തീ പടരാൻ കാരണമെന്ന് സംശയിക്കുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിക്കുകയാണ് സോഷ്യലിടം. ഡോര്‍ പൊളിച്ച ഡെലിവറി ഏജന്‍റിന്‍റെ സമയോചിത ഇടപെടലിനെയാണ് ഏവരും എടുത്തുപറയുന്നത്.
'സ്വന്തം വണ്ടിയിലെ ഫയര്‍ എസ്റ്റിഗ്യൂഷറുമായി ആദ്യം ഓടിയെത്തിയ ഓട്ടോ ചേട്ടൻ ...വാതിൽ തള്ളിപ്പൊളിച്ച ഡെലിവറി ബോയ് ..വലിയ ഫയര്‍ എസ്റ്റിഗ്യൂഷറുമായി കൃത്യസമയത്ത് എത്തിയ മറ്റ് സ്ഥാപന ജീവനക്കാർ...യാത്രക്കാരെ വേഗം ഇറക്കിയ ചുമട്ടു തൊഴിലാളികൾ, ബസ് ജീവനക്കാർ.....എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് വൻ ദുരന്തത്തെ തടഞ്ഞു' എന്നാണ് ഒരു കമന്‍റ്. 'ആവശ്യം വന്നാൽ ഓരോ മലയാളിയും ഒരു സൈന്യം ആയി മാറും, ശക്തി കൂടും, സന്നാഹങ്ങൾ കൂടും' എന്ന് മറ്റൊരു കമന്‍റ്. ഇതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്നും വിഷം വമിപ്പിക്കുന്ന ഹിന്ദി സംവിധായകര്‍ ഇതും കൂടി കാണണമെന്നും കമന്‍റ് ബോക്സ് പറയുന്നു.