കേരളത്തില്‍ കിഫ്ബി നടപ്പാക്കുന്ന സുപ്രധാന പദ്ധതികളിലൊന്നാണ് മലയോര പാത. 3548 കോടി രൂപ ചെലവിട്ടാണ്  പതിമൂന്ന് ജില്ലകളിലെ മലയോര മേഖലയെ ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മാണം. കേരളത്തിന്‍റെ ടൂറിസം മേഖലയുടെ കുതിപ്പിനും പദ്ധതി വഴിയൊരുക്കും.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത അമ്പൂരി കുമ്പിച്ചല്‍ കടവ് പാലമുള്‍പ്പെടേ ഒറ്റപ്പെട്ട പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന നൂറിലധികം പാലങ്ങളും കിഫ്ബിയിലൂടെ യാതാര്‍ത്ഥ്യമാക്കുകയാണ്. 

നാല് പതിറ്റാണ്ടുകാലത്തെ ഒറ്റപ്പെടലിനാണ് ഇവിടെ അറുതിയാത്. നെയ്യാറിന്‍റെ രണ്ട് കരകളിലേക്ക് മാത്രമല്ല ഒരു ജനതയുടെ സ്വപ്നങ്ങളിലേക്ക് കൂടിയാണ് അമ്പൂരി കുമ്പിച്ചല്‍കടവ് പാലം നീണ്ട് നിവര്‍ന്ന് കിടക്കുന്നത്. 

കിഫ്ബി വഴി 25 കോടി രൂപ ചെലവിട്ടാണ്  അമ്പൂരി തൊടുമല നിവാസികളുടെ ഈ ജീവിതാഭിലാഷം യാഥാര്‍ത്ഥ്യമായത്. ഇനി തിരുവനന്തപുരം അമ്പൂരി പഞ്ചായത്തിലെ തൊടുമല വാര്‍ഡിലെ കുട്ടികള്‍ക്ക്, സ്ത്രീകള്‍ക്ക്, വയോധികര്‍ക്ക് ഏത് കാലാവസ്ഥയിലും നിര്‍ഭയമായി പുറം ലോകത്തേക്ക് സഞ്ചരിക്കാം.

ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ പറശാല–കള്ളിക്കാട് മലയോര പാതയിലെത്താം. കാസര്‍കോഡ് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ കേരളത്തിന്‍റെ 1332 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ ഒരു ഭാഗം മാത്രമാണിത്.

പ്രകൃതി ഭംഗിയാല്‍ കനിഞ്ഞനുഗ്രഹിക്കപ്പെട്ടതാണ് കേരളത്തിന്‍റെ മലയോര മേഖല. ഈ പാതകളിലൂടെ സഞ്ചരിച്ചാല്‍ അതിന്‍റെ സര്‍വ്വ സൗന്ദര്യവും നിങ്ങള്‍ക്ക് ആസ്വദിക്കാം. ഇടുക്കിയിലെ കടപ്പന–കുട്ടിക്കാനം മലയോര പാത ഒരുദാഹരണം മാത്രം. 

മലയോര പാത മാത്രമല്ല കേരളത്തിന്‍റെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തില്‍ കിഫ്ബി കൊണ്ടുവന്ന മാറ്റം അനിര്‍വ്വചനീയമാണ്.  കുമ്പിച്ചല്‍കടവ് പാലം പോലെ, ഭൂമിശാസ്തരപരമായ കാരണങ്ങളാല്‍ ഒറ്റപ്പെട്ട് പോയ പ്രദേശങ്ങളെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന അനവധി പാലങ്ങള്‍ യാഥാര്‍ഥ്യമാക്കിയതും കിഫ്ബി വഴിയാണ്.

ആലപ്പുഴ  തോട്ടപ്പള്ളി–നാലുചിറപാലം, അമ്പലപ്പുഴ പടഹാരം പാലം, കൊല്ലം പെരുമണ്‍പാലം, എറണാകുളം അഴീക്കോട്–മുനമ്പം പാലം.... അങ്ങനെ അനവധി. 

ENGLISH SUMMARY:

The Malabar Highway is a significant KIIFB project in Kerala, aiming to connect mountainous regions across thirteen districts and boost tourism. This initiative, along with numerous bridges facilitated by KIIFB, addresses long-standing isolation in remote areas.