കേരളത്തിലെ മോണസൈറ്റ് അടങ്ങിയ കരിമണല്‍ ഖനനത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കൊമ്പുകോര്‍ക്കുകയാണല്ലോ...തോറിയം അടങ്ങിയ മോണോസൈറ്റ് ആള് അത്ര ചില്ലറക്കാരനല്ല.

എന്താണ് മോണസൈറ്റ് ?

കടല്‍ത്തീര മണലില്‍ കാണപ്പെടുന്ന അപൂര്‍വ ധാതുവാണ് മോണസൈറ്റ്. ഇലക്ട്രിക് വാഹനങ്ങള്‍, സ്മാർട്ട്ഫോണുകള്‍, ഡ്രോണുകള്‍, മെഡിക്കൽ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് ലോകം ആശ്രയിക്കുന്ന വിവിധതരം റെയര്‍ എര്‍ത്ത് എലമന്‍റുകളുടെ പ്രധാന സ്രോതസാണ് മോണസൈറ്റ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന മോണസൈറ്റ് നിക്ഷേപങ്ങൾ ഭാവിയിലെ സാമ്പത്തിക, വ്യാവസായിക, തന്ത്രപ്രധാന മത്സരങ്ങളിൽ രാജ്യത്തിന് വലിയ സാധ്യതകൾ തുറക്കും.

മോണസൈറ്റില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

മോണസൈറ്റ് എന്നത് അപൂർവ ഭൂലോഹ മൂലകങ്ങളും തോറിയവും അടങ്ങിയ ധാതുവാണ്. നിയോഡൈമിയം, പ്രസിയോഡൈമിയം, ലാന്തനം, സീരിയം തുടങ്ങിയ അപൂർവ മൂലകങ്ങൾ ഇതിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയും.

പ്രധാന ഉപയോഗങ്ങള്‍

ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകൾ, കാറ്റാടിപ്പാടങ്ങളിലെ ടർബൈനുകൾ, അത്യാധുനിക മാഗ്നറ്റുകൾ, പ്രതിരോധ ഉപകരണങ്ങൾ, വിമാന നിർമാണം, മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടർ ചിപ്പുകൾ, ഡ്രോണുകൾ, മെഡിക്കൽ സ്കാനിങ് സംവിധാനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇവ അനിവാര്യമാണ്.

കേരളവും മോണസൈറ്റും

ഇന്ത്യയിൽ മോണസൈറ്റ് പ്രധാനമായും കേരളം, തമിഴ്നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ തീരദേശ മണലുകളിലാണ് കാണപ്പെടുന്നത്. പ്രത്യേകിച്ച് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ചില തീരപ്രദേശങ്ങൾ ലോകത്തിലെ തന്നെ ശ്രദ്ധേയമായ മോണസൈറ്റ് നിക്ഷേപങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.

ഖനനവും ആശങ്കയും

യുറേനിയം കഴിഞ്ഞാല്‍ ആണവോര്‍ജം ഉണ്ടാക്കാനാകുന്ന മൂലകമാണ് തോറിയം. അതിനാല്‍ തന്നെ മോണസൈറ്റിൽ തോറിയം അടങ്ങിയിരിക്കുന്നതിനാൽ അതിന്‍റെ ഖനനവും സംസ്കരണവും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. പരിസ്ഥിതി ആഘാതം, തീരദേശ ആവാസവ്യവസ്ഥയുടെ സംരക്ഷണം, പ്രാദേശിക ജനങ്ങളുടെ ആശങ്കകൾ എന്നിവ ഖനനത്തിന് മുന്‍പ് പരിഗണിക്കേണ്ടി വരും. കേരളത്തിൽ തീരശോഷണവും കടലാക്രമണവും വർധിക്കുന്ന സാഹചര്യത്തിൽ ഖനന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സങ്കീർണമാകുകയാണ്.

ENGLISH SUMMARY:

Monazite mining in Kerala is a contentious issue, primarily due to the presence of thorium, a key element for nuclear energy. This rare earth mineral found in coastal sands is crucial for manufacturing advanced technologies like electric vehicles, smartphones, and medical equipment, making its extraction a significant economic and strategic consideration for India, especially in regions like Kollam, Alappuzha, and Thiruvananthapuram.