prabhavathiyamma-troll-n

നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച സ്കൂട്ടര്‍ യാത്രക്കാരനെ എരഞ്ഞിപ്പാലം സ്വദേശിനിയായ പ്രഭാവതിയമ്മ തടയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇപ്പോഴിതാ സമാന സ്വഭാവത്തിലുള്ള റോഡിലെ പുതിയ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ കൈയ്യടി മാറി സൈബർ അറ്റാക്കാവുകയാണ്.

'അതിലേ വരാൻ കഴിയില്ല കേട്ടോ, ഞാൻ പിടിക്കും, ആരായാലും ശരി. നീ അവിടെ നിന്നാൽ ‍ഞാനും ഇവിടെ തന്നെ നിൽക്കും, നീ ഇന്ന് പോവലുണ്ടാവില്ല'. - ഇതാണ് പ്രഭാവതിയമ്മ പുതിയ വിഡിയോയിൽ ഒരാളോ തടഞ്ഞുകൊണ്ട് പറയുന്നത്. ഓവർ ആയാൽ കൈയ്യടിച്ച സോഷ്യൽ മീഡിയ തന്നെ ടിക്കറ്റ് എടുത്ത് ബഹിരാകാശത്തേക്ക് അയക്കും എന്നാണ് ഇതിന് താഴെ ആദ്യം വന്ന കമന്റ്.

ഒരു വിഡിയോ ചർച്ചയായതോടെ സ്വാഭാവികമല്ലാത്ത സമാന സ്വഭാവത്തിലുള്ള മറ്റ് വിഡിയോ കണ്ടന്റുകൾ ബോധപൂർവം ഉണ്ടാക്കി സോഷ്യൽ മീഡിയയിലിടുന്നുവെന്നാണ് കമന്റുകൾ.

ചന്ദനമഴ 1000 എപ്പിസോഡ് ഓടിച്ച പോലെ ഓടിക്കാൻ ഉള്ള പുറപ്പാട് ആണോ?, ഓവർ ആക്കി ചളം ആക്കും, അമ്മ ബഹിരാകാശത്തു സ്ഥലം വാങ്ങാനുള്ള പരിപാടി ആണെന്ന് തോന്നുന്നു, ഓവർ ആക്കിയാൽ പൊക്കി പറഞ്ഞവർ തന്നെ എടുത്തെറിയും, ഒരിക്കൽ വൈറൽ ആയെന്ന് വെച്ച് എന്നും അങ്ങനെ ആകണമെന്നില്ല തുടങ്ങി 90 ശതമാനവും നെ​ഗറ്റീവ് കമന്റുകളാണ്.

പ്രഭാവതിയമ്മയുടെ ആദ്യ വിഡിയോയുടെ അടിസ്ഥാനത്തിൽ, കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ച വേങ്ങേരി സ്വദേശിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും നിര്‍ബന്ധിത പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിരുന്നു. കോടതി നിര്‍ദേശിക്കുന്ന തുക പിഴ ഈടാക്കാനും മോട്ടര്‍ വാഹനവകുപ്പ് തീരുമാനിച്ചു. ഗതാഗത നിയമലംഘനം തിരുത്താന്‍ പ്രഭാവതിയമ്മ കാണിച്ച ധൈര്യത്തിന് നിറഞ്ഞ കൈയ്യടിയാണ് കിട്ടുന്നത്. ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പ്, സ്കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്തി.

രാവിലെ വാഹനത്തിന്റ രേഖകള്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ റോഡ് സുരക്ഷ നിയമം അനുസരിച്ച് കേസെടുത്തു. ഇതിന് പുറമെ എടപ്പാളിലെ മോട്ടോര്‍ വാഹനവകുപ്പിന്റ പരിശീലന കേന്ദ്രത്തില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിന് അയയ്ക്കും. കോടതി നിര്‍ദേശിക്കുന്ന തുക പിഴയായും ഈടാക്കും. നിയമലംഘനം തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോര്‍ വാഹനവകുപ്പിന്റ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി ആദരിച്ചിരുന്നു.

ENGLISH SUMMARY:

Eranhipalam woman who stopped a scooter on the footpath is now facing backlash for similar actions, contrary to her initial viral video. The initial incident where she courageously stopped a traffic violator earned widespread praise, leading to the suspension of the scooter rider's license.