ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയിലും വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന വാഗ്ദാനത്തില്‍ ഉറച്ച് സര്‍ക്കാര്‍. നിയമപരമായി അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക തയാറാക്കും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സര്‍വേയില്‍ ജനങ്ങള്‍ ആവശ്യപ്പെട്ട ഇരുന്നൂറോളം മോഡിഫിക്കേഷനുകളുടെ സാധ്യതയാണ് പഠിക്കുന്നത്. എന്നാല്‍, വണ്ടിപ്രേമികള്‍ കാത്തിരിക്കുന്ന തീവ്രപ്രകാശമുള്ള ലൈറ്റുകള്‍, വലിയ ടയറുകള്‍ പോലുള്ള രൂപമാറ്റങ്ങള്‍ അംഗീകരിച്ചേക്കില്ല.
വി.ഡി. സതീശന് പൂക്കി മുഖ്യമന്ത്രിയെന്ന ജനപ്രീയ വിളിപ്പേര് നേടിക്കൊടുത്ത വാഗ്ദാനം സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും തലവേദനയായിരിക്കുകയാണ്. മോഡിഫിക്കേഷന്‍ പറ്റില്ലെന്ന കടുത്ത നിലപാടില്‍ ഹൈക്കോടതിയും മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന ആവശ്യവുമായി വണ്ടിപ്രേമികളും ജെന്‍സികളും നില്‍ക്കുന്നു. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ മോഡിഫിക്കേഷനെതിരെ നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവുമിറക്കിയതോടെ മോഡിഫിക്കേഷന്‍ സ്വപ്നം തകര്‍ന്നെന്ന നിരാശയിലാണ് പലരും.
എന്നാല്‍ മോഡിഫിക്കേഷന്‍ അനുവദിക്കുകയെന്ന തീരുമാനം സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടില്ല. നിയമപരമായി, ഹൈക്കോടതിയുടെ എതിര്‍പ്പില്ലാതെ നടപ്പാക്കാന്‍ പറ്റുന്ന മോഡിഫിക്കേഷനുകളുടെ പട്ടിക തയാറാക്കുകയാണ്. നാട്ടുകാരുടെ അഭിപ്രായം തേടി എം.വി.ഡി നടത്തിയ സര്‍വേയില്‍ 20000 പേരാണ് പങ്കെടുത്തത്. അവര്‍ ആവശ്യപ്പെട്ട മോഡിഫിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുത്ത 200 എണ്ണമാണ് പഠിക്കുന്നത്. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലെ കമ്മിറ്റി സെപ്തംബര്‍ ആദ്യം അനുവദിക്കാവുന്നവയുടെ പട്ടിക ഗതാഗത മന്ത്രിക്ക് കൈമാറും.
പലരും കാത്തിരിക്കുന്ന തരത്തിലുള്ള വമ്പന്‍ മോഡിഫിക്കേഷനുകള്‍ ആ പട്ടികയില്‍ ഉണ്ടാവില്ല. കാരണം, വണ്ടിപ്രേമികള്‍ ആവശ്യപ്പെടുന്ന പലതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. തീവ്രപ്രകാശമുള്ള ലൈറ്റുകള്‍, മള്‍ട്ടി കളര്‍ ലൈറ്റുകള്‍, വീല്‍ സ്പേസറുകള്‍, ടയറിന്‍റെ വീതികൂട്ടല്‍ തുടങ്ങിയവയാണ് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ ഇതൊന്നുമല്ലാത്ത മോഡിഫിക്കേഷന്‍ പ്രതീക്ഷിച്ചാല്‍ മതിയെന്ന് ചുരുക്കും.