automatic-number-plate-concealer-fine

ട്രാഫിക് ക്യാമറകളുടെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാൻ റിമോട്ട്/ബട്ടൺ ഉപയോഗിച്ച് നമ്പർ പ്ലേറ്റ് സ്വയം മറയ്ക്കുന്ന സാങ്കേതികവിദ്യ ഘടിപ്പിച്ച് റോഡിലിറങ്ങിയ കാറുടമയ്ക്ക് ഒടുവിൽ മോട്ടോർ വാഹന വകുപ്പിന്റെ എട്ടിന്‍റെ പണി. മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുള്ള പിംപ്രി-ചിഞ്ച്വാഡ് ആർ.ടി.ഒ ആണ് നമ്പർ പ്ലേറ്റ് മറയ്ക്കാനായി കാറിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന സംവിധാനം അഴിച്ചുമാറ്റുകയും വാഹന ഉടമയ്ക്കെതിരെ നടപടിയെടുക്കുകയും ചെയ്തത്. സോഷ്യൽ മിഡിയയിൽ പ്രചരിച്ച വിഡിയോക്ക് പിന്നാലെയാണ് നടപടി.

ദേശീയപാതയിലൂടെ മഴയത്ത് ഓടിച്ചുപോവുകയായിരുന്ന വെളുത്ത എസ്‌.യു.വിയുടെ ദൃശ്യം തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് മൊബൈലിൽ പകർത്തിയത്. യാത്രയ്ക്കിടയിൽ പെട്ടെന്ന് തന്നെ സ്വിച്ച് പ്രവർത്തിപ്പിച്ച് വാഹനത്തിന്റെ പിൻഭാഗത്തെ നമ്പർ പ്ലേറ്റിന് മുകളിലേക്ക് ഒരു കറുത്ത ഷട്ടർ വന്ന് മൂടുകയും നമ്പർ പ്ലേറ്റ് പൂർണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ആവശ്യമുള്ളപ്പോൾ മാത്രം നമ്പർ പ്ലേറ്റ് കാണിക്കുകയും ക്യാമറകൾ ഉള്ള സ്ഥലങ്ങളിൽ അത് മറയ്ക്കുകയും ചെയ്യുന്ന 'ഫ്ലിപ്പർ/ഓട്ടോമാറ്റിക് പ്ലേറ്റ് കൺസീലിങ്' സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരുന്നത്.

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വന്നതോടെ ഓണ്‍ലൈനില്‍ വാഹനത്തിന്‍റെ നമ്പര്‍ സെര്‍ച്ച് ചെയ്ത് വാഹനപ്രേമികള്‍ നിയമലംഘനങ്ങള്‍ പുറത്തുവിട്ടു. അമിതവേഗത ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് ഈ വാഹനത്തിന്റെ പേരിൽ 55 ട്രാഫിക് ചലാനുകളാണ് നിലവിലുള്ളത്. മൊത്തം പിഴത്തുക ഒരു ലക്ഷം രൂപയിലധികമായി കുടിശ്ശികയായി കിടക്കുകയായിരുന്നു. ഹിറ്റ് ആൻഡ് റൺ പോലുള്ള ഗുരുതരമായ അപകടങ്ങൾ ഉണ്ടായാൽ ഇത്തരം നമ്പർ പ്ലേറ്റ് മറയ്ക്കുന്ന സംവിധാനങ്ങൾ കുറ്റവാളികളെ തിരിച്ചറിയുന്നത് അസാധ്യമാക്കുമെന്നതിനാല്‍ വാഹനത്തിനെതിരെ നടപടി വേണമെന്ന് ജനരോഷമുയരുകയും ചെയ്തു. ആർ.ടി.ഒ, പൂനെ പൊലീസ് തുടങ്ങി അധികൃതരെ ടാഗ് ചെയ്തുകൊണ്ട് എക്സിൽ പ്രതിഷേധം ശക്തമായി.

ഇതോടെ അധികൃതർ അടിയന്തര നടപടിയിലേക്ക് കടക്കുകയായിരുന്നു. പിംപ്രി-ചിഞ്ച്വാഡ് ആർ.ടി.ഒ ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തുകയും, നമ്പർ പ്ലേറ്റ് മറയ്ക്കാനായി അനധികൃതമായി ഘടിപ്പിച്ചിരുന്ന ബട്ടൺ ഓപ്പറേറ്റഡ് ഷട്ടർ മെക്കാനിസം അഴിച്ചുമാറ്റുകയും ചെയ്തു. മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചതിന് 4,500 രൂപ തൽക്ഷണ പിഴ ചുമത്തുകയും, മുൻപുള്ള കുടിശ്ശിക തുക മുഴുവൻ അടച്ചുതീർക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു. റോഡുകളിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി ക്യാമറകളെയും പൊലീസിനെയും മറികടക്കാൻ ഇത്തരം ഹൈടെക് തിരിമറികൾ നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

The Pimpri-Chinchwad Regional Transport Office (RTO) in Maharashtra cracked down on a white SUV after a viral video showed the vehicle using a remote-controlled shutter mechanism to hide its rear license plate from speed cameras and traffic police. The video, recorded by a motorist, showed a black shutter sliding down over the number plate at the press of a button. Social media users tracked the vehicle online to reveal 55 unpaid traffic challans for speeding and other violations, accumulating overdue fines exceeding ₹1 lakh. Following widespread public outrage on X (formerly Twitter), RTO officials located the SUV, dismantled the illegal automatic plate-concealing device, levied an immediate fine of ₹4,500 for vehicle modification, and issued strict orders to clear all pending challan dues.