പൊറോട്ടയ്ക്ക് ഗ്രേവി കിട്ടാത്തതിനും സദ്യയ്ക്ക് പായസം കിട്ടാത്തതിനുമെല്ലാമുള്ള അടിക്ക് ചെറിയ ബ്രേക്ക്. തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലി വരന്‍റെയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. ഊരൂട്ടമ്പലത്തിന് സമീപം നീറമണ്‍കരയിലാണ് സംഭവം. വിവാഹസല്‍ക്കാരഹാളില്‍ പപ്പടമെത്താതിരുന്നതോടെയാണ് ഊട്ടുപുരയില്‍ അടിപൊട്ടിയത്.
നേരിയ വാക്കേറ്റം പിന്നീട് തര്‍ക്കത്തിലേക്കും ഒടുവില്‍ ഇരുപക്ഷത്തെയും ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തതോടെ പൊരിഞ്ഞ തല്ലിലുമാണ് കലാശിച്ചത്. മാറനല്ലൂര്‍–നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്തായിരുന്നു വിവാഹസല്‍ക്കാരം. വിവരമറിഞ്ഞ് മാറാനല്ലൂരില്‍ നിന്നും നരുവാമൂട്ടില്‍ നിന്നും പൊലീസ് എത്തി. എന്നാല്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് നിവര്‍ത്തിയില്ലാതെ മടങ്ങി.
പരാതിയില്ലെന്ന് പെണ്ണിന്‍റെയും ചെറുക്കന്‍റെയും കൂട്ടര്‍ പറഞ്ഞുവെങ്കിലും അടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങി. തൊട്ടാല്‍ പൊടിയുന്ന പപ്പടത്തിന്‍റെ പേരില്‍ പൊട്ടിയ അടി കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.