differently-abled-children-electricity-struggle

TOPICS COVERED

സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിടത്താണ്, ഒരു അമ്മയും ഭിന്നശേഷിക്കാരായ രണ്ട് ആൺമക്കളും വൈദ്യുതിയില്ലാത്ത കൂരയിൽ നരകയാതന അനുഭവിക്കുന്നത്. ആലപ്പുഴ പുറക്കാട് ആമയിട സ്വദേശി സുജാതയുടെ കുടുംബമാണ് ഈ ദുരവസ്ഥയിൽ കഴിയുന്നത്. കുടിവെള്ളം ശേഖരിക്കാൻ പോലും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവർ.

ആമയിട അപ്പാത്തിക്കരി ബണ്ട് വീട്ടിൽ താമസിക്കുന്ന സുജാതയുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. ഇവരുടെ രണ്ട് മക്കളും ഭിന്നശേഷിക്കാരാണ്. മൂത്തമകൻ കുമാറിന് കാഴ്ചശക്തിയില്ല. ഇളയ മകൻ രാജേഷ് ഉൾപ്പെടെ രണ്ട് മക്കൾക്കും കേൾവിശക്തിയുമില്ല. പായൽക്കുളങ്ങരയിൽ താമസിച്ചിരുന്ന ഈ കുടുംബം, കാഴ്ചയില്ലാത്ത മകനുമായി ആശുപത്രിയിൽ പോകുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീടും സ്ഥലവും വിറ്റ് നാല് മാസം മുൻപ് ആമയിടയിൽ നാലര സെന്റ് സ്ഥലം വാങ്ങിയത്.

സുജാതയ്ക്കും മകനും ലഭിക്കുന്ന പെൻഷൻ തുകയും തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനവും സ്വരുക്കൂട്ടിയാണ് ഇവർ താൽക്കാലിക ഷെഡ് നിർമിച്ചത്. തൊട്ടടുത്ത് പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ച തകർന്നുവീഴാറായ മറ്റൊരു ഷെഡിലാണ് പാചകം. എന്നാൽ, താമസിക്കുന്ന ഈ ഷെഡിൽ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. കിലോമീറ്ററുകൾക്കപ്പുറം അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നട വരെ ഓട്ടോറിക്ഷയിൽ പോയി പണം നൽകിയാണ് സുജാത കുടിവെള്ളം എത്തിക്കുന്നത്. ഈ പട്ടികവർഗ കുടുംബത്തിന്റെ ദുരിതം ബോധ്യപ്പെട്ടിട്ടും സാങ്കേതികത്വം പറഞ്ഞ് അധികാരികൾ മുഖം തിരിക്കുകയാണെന്ന് ഇവർ പരാതിപ്പെടുന്നു.

ENGLISH SUMMARY:

Kerala electrification challenges are highlighted by the plight of a mother and her two differently-abled sons living without electricity. Their struggle for basic necessities like drinking water in Alappuzha underscores the gaps in the state's development initiatives.