സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസറിനെതിരെ യു.പ്രതിഭയുടെ അനുകൂലികൾ രംഗത്ത്. നാസർ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണം എന്ന കാംപെയന്‍ ഒരു വിഭാഗം തുടങ്ങി. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി വാട്സ് ആപ് ഗ്രൂപ്പുകളിലൂടെയും ആണ് പ്രചാരണം. കായംകുളത്ത് തോറ്റതിനു ശേഷം യു.പ്രതിഭയും അനുകൂലികളും നടത്തിയ പ്രതികരണങ്ങളോട് നാസർ ശക്തമായി പ്രതികരിച്ചിരുന്നു.
തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ജില്ലാ സെക്രട്ടറി ആർ നാസർ സ്‌ഥാനത്ത് നിന്ന് മാറണമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഒരുവിഭാഗം പ്രവർത്തകർ പ്രചരണം നടത്തുന്നത്. നാസറിന് കായംകുളത്ത് സീറ്റ് കിട്ടാത്തതിനാൽ പ്രതിഭയെ തോൽപിച്ചുവെന്നാണ് ആരോപണം. സമൂഹ മാധ്യമ കുറിപ്പുകളിലും കമൻ്റുകളിലും ജില്ലാ സെക്രട്ടറിക്കെതിരെ അസഭ്യവും അധിക്ഷേപവും ഉണ്ട്.ജില്ലാ സെക്രട്ടറി മാടമ്പി എന്നാണ് ഒരു വിമർശനം. സെക്രട്ടറി പ്രവർത്തകരെ കണ്ടാൽ ചിരിക്കണമെന്നും റിട്ടയർമെന്‍റ് കൊടുത്ത് വീട്ടിലിരുത്തണം എന്ന പരിഹസിക്കുന്നവരും ഉണ്ട്.
കായംകുളത്ത് CPM നേതാക്കൾ തന്നെ പ്രതിഭയെ തോൽപിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ നാസർ ശക്തമായി പ്രതിഭയ്ക്കെതിരെ പ്രതികരിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾ അസംബന്ധം എന്നാണ് ഇതേക്കുറിച്ച് നാസർ പറഞ്ഞത്,ഇതിനു പിന്നാലെയാണ് നാസറിനെതിരെ പ്രതിഭ അനുകൂലികളുടെ പ്രചാരണം. ചില പ്രവർത്തകർ കായംകുളത്തെ തോൽവിയിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ട്. പത്തിയൂർ , ചെട്ടികുളങ്ങര അടക്കം പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഇത്തവണ LDF പിന്നിൽ പോയത് നേതാക്കൾ വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതുകൊണ്ടാണെന്ന് പ്രവർത്തകർ വിമർശനം ഉയർത്തിയിരുന്നു.