‘സ്ഥിരമായി അച്ഛനെ കെട്ടിപ്പിടിച്ചാണ് അവര്‍ ഉറങ്ങുന്നത്, ഇപ്പോഴും അതേ...ഒരാള്‍ക്കെങ്കിലും എന്റെ കൂടെ നില്‍ക്കാമായിരുന്നില്ലേ...അതുകണ്ട് ഞാന്‍ ജീവിക്കുമായിരുന്നു, ’ചങ്കു പിടഞ്ഞാണ് ആ പൊന്നുമക്കളുടെ അമ്മ ശ്രീജ ഇതു പറയുന്നത്. ഭര്‍ത്താവിനേയും മക്കളേയും നഷ്ടപ്പെട്ട ശ്രീജയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന വേദനയിലാണ് കുടുംബാംഗങ്ങള്‍.
കടപ്പാട്ടൂർ ബൈപാസിൽ ബൈക്കും കാറും കൂട്ടിയിടിച്ചാണ് ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മിയും(27), സഹോദരൻ ശ്രീനാഥും (22)മരിച്ചത്. രണ്ടു വർഷം മുൻപു രോഗബാധയെത്തുടർന്ന് മരിച്ച അച്ഛന്‍ എൻ.സി.സന്തോഷിനെ (ഹരിക്കുട്ടൻ) അടക്കിയതിനു ഇരുവശത്തുമായി രണ്ടുപേരുടേയും ചിതയൊരുക്കി.
ശ്രീലക്ഷ്മിയുടെ കല്യാണ ഒരുക്കങ്ങളിലായിരുന്നു കുടുംബം. ചേച്ചിയുടെ കല്യാണം കെങ്കേമമായി നടത്തണമെന്നായിരുന്നു മകന്റെ ആഗ്രഹമെന്ന് ശ്രീജ വിതുമ്പലോടെ പറയുന്നു. കല്യാണച്ചെറുക്കനും ശ്രീനാഥും കൂടി പല പ്ലാനുകള്‍ നടത്തി. അമ്മയുടേയും കൂട്ടുകാരുടേയും കൈകൊട്ടിക്കളി വേണം, അതുകഴിഞ്ഞ് കൂട്ടുകാരൊക്കെ ചേർന്ന് ഡാൻസ് ചെയ്ത് ശ്രീലക്ഷ്മിയെ സ്റ്റേജിൽ എത്തിക്കണം അങ്ങനെ പല ആഗ്രഹങ്ങള്‍, എല്ലാം പോയില്ലേയെന്നാണ് ശ്രീജ കരഞ്ഞു പറയുന്നത്.
അച്ഛന്റെ മരണത്തോടെ മക്കള്‍ വലിയ വേദനയിലായിരുന്നുവെന്നും അതോടുകൂടി മകള്‍ മെലിഞ്ഞുപോയെന്നുമൊക്കെ എണ്ണിയെണ്ണി പറയുന്ന ശ്രീജയുടെ വേദന കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. വാഹനാപകടത്തിലാണ് ശ്രീലക്ഷ്മിയും ശ്രീനാഥും മരിക്കുന്നത്.
‘വണ്ടി ഇടിച്ചവർ സാമാന്യ മര്യാദക്കെങ്കിലും ഒന്നു വിളിക്കേണ്ടതായിരുന്നു. ഡ്രൈവറെ ഉൾപ്പെടെ ഇതിനകം മാറ്റിയെന്നാ അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ദുരേക്കു തെറിച്ചുവീണ ശ്രീലക്ഷ്മിയെ ആരും ആദ്യം കണ്ടില്ല. അല്ലെങ്കിൽ ഒരു പക്ഷേ അവൾ ജീവനോടെ...’...കണ്ണുകൾ നിറഞ്ഞ് ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ പറയുന്നു. ഏപ്രിൽ രണ്ടിനാണ് ഇവരുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.