മണിയൻപിള്ള രാജുവിനുണ്ടായ കാറപകടവുമായി ബന്ധപ്പെട്ട് ബൈക്കിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെ രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് മാധവ് സുരേഷ് പറയുന്നു.

‘ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്, എന്തൊരു പച്ചക്കള്ളം. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിനും അയാൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം.’ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് മനോരമ ന്യൂസിനു നൽകിയ പ്രതികരണം ഇൻസ്റ്റാ സ്റ്റോറിയാക്കിയായിരുന്നു മാധവിന്റെ വാക്കുകൾ.

മണിയൻപിള്ള രാജുവിന്റെ കാർ തങ്ങളെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ ആരോപിച്ചത്. വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാൻഡ്രം ക്ലബ്ബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിർദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെ, നടന്റെ കാർ ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിർത്താതെ പോയ നടനെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവർ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. എൽഎൽബി വിദ്യാർഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.

ENGLISH SUMMARY:

Madhav Suresh, son of actor Suresh Gopi, has reacted strongly to the car accident involving Maniyanpilla Raju. He believes the youths involved in the accident should face a defamation case for allegedly lying and trying to falsely implicate the actor.