കാന്‍സര്‍ പോരാളികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചൊരു പെണ്‍കുട്ടി. സ്വന്തം അനുഭവത്തിലൂടെ കൂടുതല്‍ പേര്‍ക്ക് പ്രചോദമാകാനാകണം അര്‍ബുദം അവളേയും പരീക്ഷിക്കുകയാണ്. അര്‍ബുദ രോഗികളായ കുരുന്നുകള്‍ക്ക് ആശ്രയമായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആശ്രയ കേന്ദ്രം സനാഥാലയത്തിന്‍റെ വൊളന്‍റിയറായ വിതുര സ്വദേശിനി ശ്രീക്കുട്ടി കീമോ ദിനങ്ങളുടെ വേദനയ്ക്കിടയിലും നിരവധി പേര്‍ക്ക് പ്രത്യാശ പകരുകയാണ്.
നന്ദുവിനെ മാതൃകയാക്കി അര്‍ബുദരോഗികള്‍ക്ക് സാന്ത്വനമാകുന്നതിനിടെയാണ് അണ്ഡാശയ കാന്‍സര്‍ ശ്രീക്കുട്ടിയെ പരീക്ഷിക്കുന്നത്. പക്ഷേ മാരകരോഗത്തെ ചിരിച്ചുകൊണ്ടു നേരിടുകയാണ് ശ്രീക്കുട്ടി. ചികില്‍സയുടെ വേദനകള്‍ക്കിടയിലും സനാഥാലയത്തിലെ നിരവധി കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ വാത്സല്യം നല്‍കുന്നുണ്ട് നല്ലൊരു നാടന്‍പാട്ട് കലാകാരി കൂടിയായ ഈ മിടുക്കി.
ജിം ട്രെയിനറാകാനുളള ഒരുക്കങ്ങള്‍ക്കിടെയിലാണ് സ്പോര്‍ട്സ് താരം കൂടിയായ ശ്രീക്കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടു ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. എന്നിട്ടും ശനിയാഴ്ച സിവില്‍ എക്സൈസ് ഓഫിസര്‍ തസ്തികയിലേയ്ക്കുളള പി എസ് സി പരീക്ഷ ശുഭ പ്രതീക്ഷയോടെ പോയി എഴുതി വന്നിരിക്കുകയാണ് ശ്രീക്കുട്ടി.