മുഖ്യമന്ത്രി പിണറായി വിജയന്‍ വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിലെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. ‘കറിയിൽ വിരലിട്ട് അമർത്തി നോക്കിയപ്പോൾ വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി’-ദിവാകരന്‍ പറഞ്ഞു.
പിണറായി വിജയന്റെ മൽസ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.
‘ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടം. അതിന് എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല. സി ദിവാകരന്‍റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേ’ ശിവൻ കുട്ടി പ്രതികരിച്ചു. പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്‍റെ വിവാദ പ്രസ്താവന. ആനത്തലവട്ടം ആനന്ദൻ വിഎസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.
എന്നാൽ പരാമർശം വിവാദമായതോടെ ആനത്തലവട്ടം ആനന്ദന്‍റെ മകൻ ജീവ പ്രതികരണവുമായി രംഗത്തെത്തി. ദിവാകരനെ തള്ളിയാണ് ജീവയുടെ പ്രതികരണം. ഫെസ്ബുക്കിലെഴുതിയ പോസ്റ്റിൽ പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു പിണറായി ചോദിച്ചു. അപ്പോൾ അടുത്ത് നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ ആനന്ദൻ പറയുന്നു.