തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷിന് തുറന്ന കത്തുമായി കേരള ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. വിവി രാജേഷിന് ചില കാര്യങ്ങളില്‍ ദൃഢനിശ്ചയവും ചങ്കൂറ്റവും വേണമെന്നും, അത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പഠിക്കണമെന്നുമാണ് കത്തിലൂടെ പ്രശാന്ത് വാസുദേവ് പറയുന്നത്.
പട്ടി പിടിത്തത്തിന്റെ കാര്യവും, മാലിന്യനിർമ്മാർജന വിഷയവും സൂചിപ്പിച്ചുകൊണ്ടാണ് മേയര്‍ വിവി രാജേഷിന് പ്രശാന്ത് വാസുദേവ് കത്ത് എഴുതിയിരിക്കുന്നത്. ഒരു വിഭാഗം ജനങ്ങൾ എതിർപ്പും സമരവുമായി ഇപ്പോഴത്തേതു പോലെ എക്കാലവും വരും.
'സാമ ദാന ഭേദ ദണ്ഡ' നയം തന്നെ സ്വീകരിക്കുക. ആദ്യം ക്ഷണിച്ചുവരുത്തി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുക. ഫലിച്ചില്ലെങ്കിൽ അവഗണിച്ചും ശക്തമായ നടപടികൾ എടുത്തും മുന്നോട്ടു പോവുക. അവർ പോകേണ്ടത് കോടതികളിലേക്കാണ്. നിയമ സംവിധാനങ്ങൾ തീരുമാനമെടുക്കട്ടെ. സമരങ്ങൾക്ക് മുന്നിൽ ഇത്തരം വിഷയങ്ങളിൽ കീഴടങ്ങരുത്. പലതും രാഷ്ട്രീയ പ്രേരിതവും ആണ്.– പ്രശാന്ത് വാസുദേവ് വ്യക്തമാക്കുന്നു.
കത്തിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മേയർ ,
നഗരവാസി എന്ന നിലയിൽ ഇതുവരെയുള്ള താങ്കളുടെയും ഭരണസമിതിയുടെയും പ്രവർത്തനത്തിൽ ഞാൻ തൃപ്തനാണ്.
താങ്കൾ മേയർ ആകുന്നതിനു മുമ്പ്, ചർച്ചകൾ സജീവമായിരുന്ന ഘട്ടത്തിൽ, എന്തു കൊണ്ട് താങ്കളെ മേയറാക്കണം
എന്ന് ഞാൻ എഴുതിയതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിന്റെ പ്രധാന കാരണം തങ്ങളുടെ രാഷ്ട്രീയ അനുഭവങ്ങളും രാഷ്ട്രീയ പരിചയവും രാഷ്ട്രീയ പക്വതയും ആയിരുന്നു. അത് ഇതുവരെയുള്ള എല്ലാ പ്രവൃത്തികളിലും പ്രതിഫലിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്.
അത് തുടരാനും കഴിയട്ടെ. ഇനി താങ്കൾക്ക് വേണ്ടത് ചില കാര്യങ്ങളിലെ ദൃഢനിശ്ചയവും ചങ്കൂറ്റവുമാണ്. അത് താങ്കൾക്ക് ഇല്ല എന്നല്ല.
ആ കാര്യത്തിൽ താങ്കൾ മാതൃകയാക്കേണ്ടത് നമ്മുടെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെയാണ്.
നിശ്ചയങ്ങളിൽ നിന്ന് അദ്ദേഹം പുറകോട്ട് പോകുന്ന സന്ദർഭങ്ങൾ തീരെ കുറവാണ്. അതാണ് ഒരു ഭരണാധികാരിക്ക് അവശ്യം വേണ്ടതും.
അതിലെ ശരി തെറ്റുകൾ കാലം പിന്നീടാവും ശരിയായി വിലയിരുത്തുക. രണ്ടുകാര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും
അങ്ങയോട് പറയാനുള്ളത്. ഒന്ന് പട്ടി പിടുത്തത്തിന്റെ കാര്യം തന്നെ. ഷെൽട്ടറുകൾക്ക് എതിരെയും ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന മറ്റു നടപടികൾക്ക് എതിരെയും ഒരു വിഭാഗം ജനങ്ങൾ എതിർപ്പും സമരവുമായി ഇപ്പോഴത്തേതു പോലെ എക്കാലവും വരും.
'സാമ ദാന ഭേദ ദണ്ഡ' നയം തന്നെ സ്വീകരിക്കുക. ആദ്യം ക്ഷണിച്ചുവരുത്തി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുക. ഫലിച്ചില്ലെങ്കിൽ അവഗണിച്ചും ശക്തമായ നടപടികൾ എടുത്തും മുന്നോട്ടു പോവുക. അവർ പോകേണ്ടത് കോടതികളിലേക്കാണ്. നിയമ സംവിധാനങ്ങൾ തീരുമാനമെടുക്കട്ടെ.
അത് എതിരാണെങ്കിൽ നമുക്കും മേൽക്കോടതികളെ സമീപിക്കാമല്ലോ!. അല്ലാതെ സമരങ്ങൾക്ക് മുന്നിൽ ഇത്തരം വിഷയങ്ങളിൽ കീഴടങ്ങരുത്.
പലതും രാഷ്ട്രീയ പ്രേരിതവും ആണ്. മറ്റൊന്ന് മാലിന്യനിർമ്മാർജന വിഷയം തന്നെയാണ്. ഉറവിടത്തിൽ മാലിന്യ സംസ്കരണം പറഞ്ഞ്
നാടിനെ എത്ര നാൾ മലീമസമാക്കി നിലനിർത്താൻ കഴിയും!. എത്രനാൾ ഞങ്ങളെ പറ്റിക്കാൻ കഴിയും!. നമ്മുടേതുപോലെ ഒരു കൊച്ചു സംസ്ഥാനം
ആഗോളതാപനത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വ്യസനിച്ചും ആവലാതിപ്പെട്ടും നാട്ടിൽ പ്ലാസ്റ്റിക്കും മാലിന്യവും കുന്നു കൂടാൻ അനുവദിക്കുമ്പോൾ, ഫ്ലാറ്റുകളിൽ ഇൻസിനറേറ്ററുകൾ ഭംഗിയായി അവയുടെ ജോലി നിർവഹിക്കുന്നു!.
വികസിത രാജ്യങ്ങളിൽ അവർ അവരുടെ നാട്ടിൽ പ്ലാസ്റ്റിക്കും മാലിന്യവും കുന്നു കൂടാതെ കേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പിലാക്കുന്നു!
ഞാനിത് നേരിട്ടു കണ്ടതാണ്. കേന്ദ്രീകൃത മാലിന്യ സംസ്കരണം നമുക്കും അത്യാവശ്യമാണ്. വീടിനു ചുറ്റും നിന്നു തിരിയാൻ സ്ഥലമില്ലാത്തവനോട് "നീ ഉറവിടത്തിൽ സംസ്കരിച്ച് അത് വളമാക്ക് , ചെടിയ്ക്കിട്" എന്നു പറഞ്ഞിട്ടോ "വളം ഞങ്ങൾ എടുത്തോളാം" എന്ന വ്യാജ വാഗ്ദാനം കൊടുത്തിട്ടോ കാര്യമില്ല.
പക്ഷേ മാലിന്യ സംസ്കരണ പ്ലാൻറ് എന്നത് വിളപ്പിൽശാലയിൽ സംഭവിച്ചതു പോലെ ആകരുത് എന്നു മാത്രം!. വേണമെങ്കിൽ വിദേശത്തുനിന്നും പണം ചെലവാക്കി വിദഗ്ദ്ധരെ കൊണ്ടുവരണം. പഴുതുകൾ പൂർണമായും അടച്ച പ്ലാന്റുകൾ തന്നെയായിരിക്കണം. അല്ലെങ്കിൽ താങ്കൾ പറഞ്ഞതുപോലെ വികേന്ദ്രീകൃത പ്ലാന്റുകൾ. നമ്മുടെ ലഭ്യമായ സൗകര്യങ്ങൾക്ക് അനുസരിച്ച് രണ്ടിൽ ഏതുമാകാം.
എല്ലാത്തിനും പരമാവധി AMC ( Annual Maintenance Contract) നിർബന്ധമാക്കണം. പരിസ്ഥിതിക്ക് ഏറ്റവും മിനിമം ദോഷം മാത്രം സമ്മാനിക്കുന്നവയായിരിക്കണം അവ !. പരിസ്ഥിതിക്ക് ഒട്ടും ദോഷം കൂടാതെ നടപ്പിലാക്കാനായാൽ നല്ലത്!. പക്ഷേ അത് ബുദ്ധിമുട്ടാണെന്നതാണ് യാഥാർത്ഥ്യം. കാർബൺ എമിഷനെക്കുറിച്ച് പറയുമ്പോൾ, വിമാനങ്ങളുടെ എണ്ണം കൂടുന്നതേയുള്ളൂ എന്ന് നമുക്ക് ഓർക്കാം.
ഇങ്ങ് കൊച്ചു കേരളത്തിൽ പുക പരിശോധന ഇല്ലാതെയാണെന്ന് പറയപ്പെടുന്നു, നമ്മുടെ ആനവണ്ടികൾ കരിമ്പുക തുപ്പി നിരത്തിലൂടെ ഇഴഞ്ഞും കുതിച്ചും പോകുന്നത്!. അവിടെ നമ്മൾക്ക് പരിസ്ഥിതി വാദമില്ല!. ആരും കരിമ്പുക തുപ്പുന്ന ആനവണ്ടിയെ തടയുന്നില്ല!.
ആരും വിമാനത്താവളങ്ങൾ ഉപരോധിക്കുന്നില്ല!. അപ്പോൾ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ കാര്യത്തിലും ശക്തമായ എതിർപ്പുകൾ ഉണ്ടാകും.
നേരത്തെ പറഞ്ഞ സാമദാന ഭേദദണ്ഡ രീതി അവിടെയും അനുവർത്തിയ്ക്കാം.നമുക്ക് പരിസ്ഥിതി മുഖ്യമാണ്. പരിസ്ഥിതി എന്നാൽ ലോകത്തിൻറെ മൊത്തം പരിസ്ഥിതി മാത്രമല്ല നമ്മുടെ നാടിൻറെ പരിസ്ഥിതി കൂടിയാണ്.
എതിർപ്പുകൾ ഉയർത്തുന്നവർ പലപ്പോഴും മറക്കുന്നത് അതാണ്. അവർ നാടിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നു. ഭ്രാന്തു പിടിച്ച തെരുവ് നായ്ക്കൾക്ക് ശാന്തി ഗീതം പാടുന്നു. എന്നിട്ട് പരിസ്ഥിതി ഗീതങ്ങൾ ആലപിക്കുന്നു!. സാധാരണ ജനതയ്ക്ക് വേണ്ടത്, മാലിന്യവും തെരുവുനായ്ക്കളും അധികരിക്കാത്ത നാടാണ്. ഞങ്ങൾ ആരും പരിസ്ഥിതിക്ക് കോട്ടം വരാൻ ആഗ്രഹിക്കുന്നവരല്ല.ഇച്ഛാശക്തിയും ദൃഢ നിശ്ചയവും താങ്കളിൽ നിറയട്ടെ, താങ്കളെ നയിക്കട്ടെ.